- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവാണിയൂരില്‍ ട്വന്റി 20പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചിന് നേരെ സിപിഎം ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; പൊലീസ് നോക്കിനിന്നുവെന്ന് ആക്ഷേപം
എറണാകുളം: എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ പഞ്ചായത്തില്‍ ട്വന്റി 20പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ സിപിഎം ആക്രമണം. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത് കണ്ടിട്ടും പൊലീസ് നോക്കി നിന്നുവെന്ന് ട്വന്റി 20 നേതൃത്വം ആരോപിച്ചു.
തിരുവാണിയൂരിലെ ട്വന്റി 20പ്രവര്‍ത്തകനെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചു എന്നാരോപിച്ചാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വായ് മൂടിക്കെട്ടി സമാധാനപരമായി നടത്തിയ പ്രതിഷേധത്തിന് നേരെയാണ് തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ പ്രകാശന്റെയും സിപിഎം ലോക്കല്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.
ഇവര്‍ക്ക് പുറമെ വൈസ് പ്രസിഡന്റ്, കണ്ടാലറിയാവുന്ന സിഐടിയു പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ട്വന്റി 20 നേതൃത്വം പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മാര്‍ച്ചിലേക്കാണ് മദ്യപിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെ ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീകളെന്നോ കുട്ടികളെന്നോ പരിഗണനയില്ലാതെയാണ് ട്വന്റി 20പ്രവര്‍ത്തരെ തല്ലിച്ചതച്ചത്.
സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം പോലീസ് നോക്കി നിന്നുവെന്നും ആക്രമികളെ പിടിച്ചു മാറ്റിയില്ല എന്നുമാണ് ആക്രമണത്തിന് ഇരയായ ട്വന്റി 20പ്രവര്‍ത്തകര്‍ മറുനാടനോട് പറഞ്ഞത്. കമ്പിയും വടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ സമരക്കാരെ നേരിട്ടത്. നിരവധി ട്വന്റി 20പ്രവര്‍ത്തകരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചു.