തിരുവനന്തപുരം: ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രവര്‍ത്തകരുടെ വിവിധ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രവര്‍ത്തകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

അങ്കണവാടിയിലെ ഭക്ഷണ മെനുവും ചര്‍ച്ച ചെയ്തു. മുട്ട ബിരിയാണി എല്ലായിടത്തും നല്‍കാനാകുമെന്ന് യോഗം വിലയിരുത്തി. മെനുവിലെ മറ്റ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ പഞ്ചായത്തുകളുടെ വിഹിതത്തില്‍ നിന്നുകൂടി അത് കണ്ടെത്തി ഇടപെടല്‍ നടത്താന്‍ കഴിയുന്നതാണ്. അങ്കണവാടികളില്‍ വ്യവസ്ഥാപിതമായ മെനു ഉണ്ടായിരുന്നില്ല. ആദ്യമായാണ് പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് പരമാവധി കുറച്ചുകൊണ്ട് പോഷക മാനദണ്ഡ പ്രകാരം കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ സഹായിക്കുന്ന ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ഇനിയും ആര്‍ക്കെങ്കിലും പരിശീലനം ആവശ്യമെങ്കില്‍ അവര്‍ക്കും പരിശീലനം നല്‍കുന്നതാണ്.