- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് പി സി കേഡറ്റുകള്‍ക്ക് യൂണിഫോം സര്‍വീസ് നിയമനത്തിന് നിശ്ചിത ശതമാനം ഒഴിവുകള്‍ മാറ്റിവെച്ചു; സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന സേനയാണ് കേരള പോലീസ്: മുഖ്യമന്ത്രി
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണത്തോടൊപ്പം സമയം കണ്ടെത്തി പഠനം നിലച്ചു പോയ വിദ്യാര്‍ഥികള്‍ക്ക് ഹോപ് പദ്ധതിയിലൂടെ സഹായം നല്‍കിയ കേരള പോലീസ് പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പോലീസിന്റെ പ്രധാനപ്പെട്ട സോഷ്യല്‍ പോലീസിംഗ് പദ്ധതികളായ ഹോപ്പ് (ഹെല്‍പ്പിംഗ് അതേര്‍സ് പ്രൊമോട്ട് എഡ്യുക്കേഷന്‍), എസ്.പി.സി. (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) എന്നിവയുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഹോപ്, എസ് പി സി എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന നേട്ടങ്ങളാണ് ഈ പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 379 പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് നിലവില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പരീക്ഷയില്‍ പരാജയപ്പെടുകയോ ചെയ്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഔപചാരിക വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ട് 2017-ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ഹോപ്പ്. പരീക്ഷാ പരാജയം വിദ്യാഭ്യാസ പ്രക്രിയയുടെ അവസാനമല്ലെന്ന് കുട്ടികളെ ബോധവത്കരിക്കാനും, പഠനത്തില്‍ പിന്നോട്ട് പോകുന്നതിലൂടെ നഷ്ടപ്പെടുന്ന ആത്മാഭിമാനം വീണ്ടെടുക്കാനും ഈ പദ്ധതി സഹായിച്ചു. പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ അവസാനമല്ല. മറിച്ച് കൂടുതല്‍ കരുത്തോടെ ജീവിത വിജയം നേടാനുള്ള അവസരമാക്കി മാറ്റണം.വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ ചേര്‍ത്തു പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതുവരെ 4364 കുട്ടികള്‍ക്ക് പരീക്ഷാ വിജയം നേടിക്കൊടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കേരള പോലീസിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 2010 ഓഗസ്റ്റ് 2-ന് ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അതിന്റെ 15-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി നവീകരണ പ്രസ്ഥാനമായി ഇത് വളര്‍ന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ ഉത്തരവാദിത്തബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള ഒരു ചാലകശക്തിയായി എസ്.പി.സി. മാറിയിട്ടുണ്ട്.
നിലവില്‍ 1048 സ്‌കൂളുകളിലായി 87,547 വിദ്യാര്‍ത്ഥികള്‍ ഈ പദ്ധതിയില്‍ പരിശീലനം നേടിവരുന്നു. എസ്.പി.സി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ മൂന്നര ലക്ഷത്തിലധികം കേഡറ്റുകള്‍ ഇപ്പോള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചുകൊണ്ട് മാതൃകയായി സേവനം അനുഷ്ഠിച്ചുവരുന്നു. ലഹരി വിരുദ്ധ പ്രചരണത്തിലടക്കം ക്രിയാതാകമായ പങ്ക് കേഡറ്റുകള്‍ നിര്‍വഹിച്ചു വരുന്നു. എസ് പി സി കേഡറ്റുകള്‍ക്ക് യൂണിഫോം സര്‍വീസ് നിയമനത്തിന് കേരള പി എസ് സിയില്‍ നിശ്ചിത ശതമാനം ഒഴിവുകള്‍ മാറ്റിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് പോലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിച്ചവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജേതാക്കള്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറി.
സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി. (എച്ച്.ക്യു.) എസ്. ശ്രീജിത്ത് സ്വാഗതമാശംസിച്ചു. എ.ഡി.ജി.പി ക്രമസമാധാനം എച്ച്. വെങ്കിടേഷ്, എ ഡി ജി പി പി ഇന്റലിജന്‍സ് വിജയന്‍, ഐ.ജി (പരിശീലനം) ഗുഗുല്ലോത്ത് ലക്ഷ്മണ്‍, യൂണിസെഫ് സോഷ്യല്‍ പോളിസി സ്പെഷ്യലിസ്റ്റ് ജി. കുമരേശന്‍ എന്നിവര്‍ സംബന്ധിച്ചു.സോഷ്യല്‍ പോലീസിംഗ് ഡയറക്ടര്‍ ഡി.ഐ.ജി എസ്. അജിത ബീഗം നന്ദി അറിയിച്ചു.