- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും തടസ്സമില്ലാതെ ചികിത്സ നല്‍കാനും നടപടി സ്വീകരിക്കണം; സ്പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ ഭിന്നശേഷി കുട്ടിക്ക് പ്രവേശനം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: പാങ്ങപ്പാറ സ്പെഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ 13 വയസ്സുളള ഭിന്നശേഷി കുട്ടിക്ക് അടിയന്തിരമായി പ്രവേശനം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും തടസ്സമില്ലാതെ ചികിത്സ നല്‍കാനും നടപടി സ്വീകരിക്കണം. പത്ത് മാസമായി കുട്ടിയുടെ പഠനം തടസ്സപ്പെടാന്‍ ഇടയാക്കിയ വിഷയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ഭിന്നശേഷി കുട്ടിയെ അപമാനിക്കുന്ന തരത്തിലും അവഹേളിക്കുന്ന തരത്തിലും ആരോപണങ്ങള്‍ ഉന്നയിച്ച പാങ്ങപ്പാറ സ്പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ. വി. മനോജ്കുമാര്‍, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
കുട്ടിയുടെ അച്ഛന്‍ മരണപ്പെട്ടതും അമ്മ മാനസികരോഗിയും കുട്ടി ഓട്ടിസത്തിന് ചികിത്സയിലുമാണ്. കുട്ടിയുടെ കുടുംബം അതിദാരിദ്ര്യ വിഭാഗത്തിലും സംരക്ഷിക്കുന്നതിന് പ്രാപ്തിയുള്ള ബന്ധുക്കളില്ലാത്തതുമാണ്. ഭിന്നശേഷി കുട്ടികളുടെ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുട്ടിയുടെ ഉത്തമ താല്‍പര്യം പരിഗണിക്കുകയും ഇവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാന്യമായ പദപ്രയോഗം നടത്തുകയും വേണം. ഇത്തരം കുട്ടികളെ പുനരധിവസിപ്പിക്കാനുളള സ്ഥാപനം അതിന്റെ ലക്ഷ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ച് പൂട്ടുകയോ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയോ ചെയ്യണം.
സ്‌കൂള്‍ ഹോസ്റ്റലില്‍ കുട്ടിയെ പ്രവേശിപ്പിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനവും കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനവുമായി കമമീഷന്‍ നിരീക്ഷിച്ചു. ശുപാര്‍ഷകളിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.