- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റേത് പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയമെന്ന് മന്ത്രി പി രാജീവ്; കാര്‍ബണ്‍ ന്യൂട്രല്‍ ഗോശ്രീ പദ്ധതി രേഖ പുറത്ത്
കൊച്ചി: പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കാര്‍ബണ്‍ ന്യൂട്രല്‍ ഗോശ്രീ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. പ്രകൃതി, ജനത, വ്യവസായം എന്നതാണ് സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന്റെ മുദ്രാവാക്യം. കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ദ്ധിപ്പിക്കുന്ന വ്യവസായങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. കാര്‍ബണ്‍ ന്യൂട്രല്‍ ആകേണ്ടത് ലോകത്തിന്റെ തന്നെ പ്രധാനപ്പെട്ട ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ കേരളം ആരംഭിച്ചിട്ടുണ്ട്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ഔദ്യോഗികമായി അംഗീകരിച്ച പദ്ധതികളില്‍ ആദ്യത്തേത് കേരളത്തിന്റെ ഹൈഡ്രജന്‍ ഹബ്ബാണ്. ലോകത്തിലെ തന്നെ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. അന്തരീക്ഷത്തില്‍ നിന്ന് ഹരിത ഗൃഹ വാതകങ്ങളെ നീക്കം ചെയ്യുന്നതിനുള്ള കാര്‍ബണ്‍ ക്രെഡിറ്റ് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കാര്‍ബണ്‍ ന്യൂട്രല്‍ ഗോശ്രീ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് പ്രയോഗത്തിലേക്ക് എത്തിക്കാന്‍ തുടര്‍ച്ചയായ അവലോകനവും ഏകോപനവും ആവശ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായാണ് കാര്‍ബണ്‍ ന്യൂട്രല്‍ ഗോശ്രീ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്കിലെ കുഴിപ്പള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലും ഇടപ്പള്ളി ബ്ലോക്കിലെ എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഹരിതകേരളം മിഷന്റെ സാങ്കേതിക സഹായത്തോടെയും ഏകോപനത്തോടെയും നടക്കുന്ന പദ്ധതിക്ക് ജിഡയുടെ പിന്തുണ ഉണ്ടാകും. കാമ്പയിന്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കണക്കാക്കുന്നതിനായി എട്ട് പഞ്ചായത്തുകളിലും പ്രാഥമിക സര്‍വേ നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആര്‍ തയ്യാറാക്കിയത്.
കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനല്‍, നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോഡിനേറ്റര്‍ ടി.എന്‍ സീമ, ജിഡ സെക്രട്ടറി രഘുരാമന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.