ആലപ്പുഴ: കുന്നത്ത് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങള്‍ നശിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര തഴക്കര കുന്നം അമ്പാടിയില്‍ വീട്ടില്‍ അജയ് കൃഷ്ണന്‍ (22) അറസ്റ്റിലായത്. കഴിഞ്ഞ പതിനാലാം തീയതി വെളുപ്പിനാണ് സംഭവം. മാവേലിക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര പൈനുംമ്മൂട് ജംഗ്ഷന്‍ മുതല്‍ കുന്നം ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ മുന്‍വശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കെട്ടിയിരുന്ന കൊടികളാണ് യുവാവ് നശിപ്പിച്ചത്. ഇതില്‍ കുറച്ചെണ്ണം സിപിഎം ഓഫീസില്‍ കൊണ്ടിടുകയും ചെയ്തിരുന്നു. കുന്നത്തേയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ബൈക്കില്‍ എത്തിയ ഒരാള്‍ കൊടികള്‍ നശിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.