കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപ ഘോഷയാത്ര സംഘടിപ്പിച്ചതിനെതിരെ പോലീസ് എടുത്ത കേസ് കോടതി റദ്ദ് ചെയ്തു. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത വനിതകള്‍ ഉള്‍പ്പെടെ 25 പേരെ കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -2 കുറ്റവിമുകതരാക്കി.

പമ്പയില്‍ സര്‍ക്കാരും പന്തളത്ത് ഭക്ത സംഘടനകളും സംഘടിപ്പിച്ച ശബരിമല അയ്യപ്പ സംഗമത്തെ ചൊല്ലി വിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് കേസില്‍പ്പെട്ടവരെ കോടതി തന്നെ കുറ്റവുമുക്തരാക്കിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നായിരുന്നു ശബരിമല കര്‍മ്മ സമിതി ഉയര്‍ത്തിയിരുന്ന വാദം. സര്‍ക്കാരിന്റെ കപട അയ്യപ്പ വിശ്വാസം തിരിച്ചറിയണമെന്ന് നിലപാട് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടുമില്ല. ഏറെയും കള്ള കേസുകളെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഗതാഗത തടസ്സം സൃഷ്ടിച്ചു പോലീസിനെ ആക്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് 2019 ല്‍ പൊന്‍കുന്നം പോലീസ് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. 31 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ തെളിവില്ലായെന്ന് കണ്ടെത്തിയ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. വി. ആര്‍. രമേശ്, അഡ്വ. പ്രശാന്ത് പി. പ്രഭ, അഡ്വ. ജെറിന്‍ സാജു ജോര്‍ജ് എന്നിവര്‍ ഹാജരായി.