കണ്ണൂര്‍ :പരിശോധനകള്‍ ശക്തമാക്കിയതോടെ കണ്ണൂരിലെ ലഹരിമാഫിയ സംഘങ്ങള്‍ ലഹരിയിടപാടുകള്‍ ഡേറ്റിങ് ആപ്പുകള്‍ വഴിയാക്കിയെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ഗ്രിന്‍ഡര്‍ എന്ന ഗേ ഡേറ്റിങ് ആപ്പ് വഴിയാണ് ലഹരിയിടപാടുകള്‍ ഏറെയും യുവതി - യുവാക്കള്‍ നടത്തുന്നത്. ആവശ്യക്കാരുടെ ഫേക്ക് ഐഡന്റിറ്റി ക്രിയേറ്റ് ചെയ്താണ് ലഹരിമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം. ഇങ്ങനെ ലഹരികച്ചവടം നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളെയാണ് കൊച്ചിയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. പഴയങ്ങാടി മാട്ടൂല്‍ സ്വദേശികളായ മുഹമ്മദ് റബീഹ്, സഹോദരന്‍ റിസ്വാന്‍ എന്നിവരാണ് പിടിയിലായത്.

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ ഗ്രാന്‍ഡ് റെസിഡന്‍സി ലോഡ്ജിലെ 107ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്.ഇരുവരുടെയും കയ്യിലുണ്ടായിരുന്നത് 37 ഗ്രാം എംഡിഎം. ഗ്രിന്‍ഡര്‍ ആപ്പിലൂടെയാണ് ഇരുവരും ഓര്‍ഡര്‍ സ്വീകരിച്ചത്. കൊച്ചിയില്‍ എത്തിച്ചു നല്‍കണമെന്നായിരുന്നു ആവശ്യം. ഇതുപ്രകാരം ഇടപാടുകാര്‍ക്ക് ലഹരികൈമാറാന്‍ എത്തിയതായിരുന്നു ഇരുവരും. നേരിട്ട് കൈമാറ്റമില്ല. വഴിയരികില്‍ എവിടെയെങ്കിലും ഒളിപ്പിച്ച് അടയാളം സഹിതം ആപ്പ് വഴി സന്ദേശം നല്‍കും. കൊച്ചിയില്‍ ഇരുവര്‍ക്കും പരിചയക്കാരില്ല. ലഹരി കൈമാറാന്‍ മാത്രമായി എത്തിയതെന്നാണ് കണ്ടെത്തല്‍. സമാനമായി പലര്‍ക്കും സഹോദരങ്ങള്‍ ലഹരികൈമാറിയിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്.