കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ എന്ന ആശയത്തോടെ സിയാല്‍ ആരംഭിച്ച ബിസിനസ് ജെറ്റ് ടെര്‍മിനല്‍ 2000 സര്‍വീസുകള്‍ പൂര്‍ത്തിയാക്കി. രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ടെര്‍മിനല്‍ ആണ് സിയാലിലേത്. 2022 -'23 സാമ്പത്തിക വര്‍ഷത്തില്‍ 242 ചാര്‍ട്ടര്‍ സര്‍വീസുകളാണ് പൂര്‍ത്തിയാക്കിയത്. 2023 -'24 ല്‍ 708 സര്‍വീസുകളും 2024 -'25 ല്‍ 714 പ്രൈവറ്റ് ജെറ്റ് ഓപ്പറേഷനുകളും സിയാല്‍ കൈകാര്യം ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതു വരെ 344 സര്‍വീസുകള്‍ ആണ് പൂര്‍ത്തിയായത്. 2022 ഡിസംബര്‍ 10-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ലണ്ടന്‍, മാലിദ്വീപ്, ഹോങ്കോങ്, മോണ്ടെനിഗ്രോ, ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും സര്‍വീസുകള്‍ നടത്തുന്നത്. 2022 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ഐ.പി.എല്‍ ലേലം, 2023 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ സംഘടിപ്പിച്ച വിവിധ ജി-20 സമ്മേളനങ്ങള്‍, 2022 ഡിസംബര്‍ മുതല്‍ ഏപ്രില്‍ 2023 വരെ സംഘടിപ്പിക്കപ്പെട്ട കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ-സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ എന്നിവയോടനുബന്ധിച്ച് സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രൈവറ്റ് ജെറ്റുകള്‍ പറന്നിറങ്ങി. 2023 ഏപ്രിലില്‍ ലക്ഷദ്വീപില്‍ നടന്ന ജി-20 യോഗത്തില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാര്‍ട്ടര്‍ വിമാനങ്ങള്‍ ടെര്‍മിനലില്‍ എത്തിയിരുന്നു. 2023 സെപ്റ്റംബറില്‍ ചാര്‍ട്ടേര്‍ഡായി ബോയിങ് 737 വിമാനം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58 യാത്രക്കാരുമായാണ് സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ എത്തിയത്. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും പ്രത്യേക സേവനം ലഭ്യമാക്കി, പ്രധാനപ്പെട്ട ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കും വിനോദ സഞ്ചാരത്തിനുമായി ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനും സിയാലിന് സാധിക്കുന്നുണ്ട്.

കേരളത്തിന്റെ തനതായ കലകള്‍ക്കും മഹാകലാകാരന്‍മാര്‍ക്കും അവരുടെ കലാസപര്യയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ ഇടങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും സിയാലില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, കഥകളി ശില്‍പങ്ങളും, കലാമണ്ഡലം ഗോപിയുടെ നവരസാവിഷ്‌ക്കാര പെയിന്റിങ്ങുകളും ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന ആറാമത്തെ ബിനാലെ പതിപ്പിനോടനുബന്ധിച്ചുള്ള അന്വേഷണങ്ങളും സിയാലിലേക്കെത്തുന്നുണ്ട്. ശബരിമല തീര്‍ത്ഥാടന കാലമാകുമ്പോഴേക്കും സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.