തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിനായി ശ്രീ നാരായണഗുരു എത്തിച്ചേര്‍ന്നതിന്റെ ഇന്നേക്ക് നൂറ്റിയൊന്നാം വാര്‍ഷികത്തില്‍, സംഭവത്തിന്റെ ചരിത്ര പ്രാധാന്യം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് പ്രക്ഷോഭം വഹിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തിയ സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹം.. ശ്രീ നാരായണഗുരുവുള്‍പ്പെടെ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജമുള്‍ക്കൊണ്ട് വിവിധ ജാതി മതവിഭാഗങ്ങള്‍ ഏകരൂപേണെ പങ്കുചേര്‍ന്ന അതിവിശാലമായ ബഹുജന സമരമായി വൈക്കം സത്യഗ്രഹം മാറി. സവര്‍ണ യാഥാസ്ഥിതികത്വത്തെ നേര്‍ക്കുനേര്‍ ചോദ്യം ചെയ്തുകൊണ്ട് അവര്‍ണ വിഭാഗങ്ങളുടെ അവകാശവും അന്തസ്സും നേടിയെടുക്കാന്‍ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹം.- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം ചുവടെ

വൈക്കം സത്യഗ്രഹത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിനായി ശ്രീ നാരായണഗുരു എത്തിച്ചേര്‍ന്നതിന് ഇന്നേക്ക് നൂറ്റിയൊന്നു വര്‍ഷം തികയുകയാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസിക ഏടായ വൈക്കത്തെ സത്യഗ്രഹ സ്ഥലം ശ്രീനാരായണ ഗുരു സന്ദര്‍ശിച്ചത് 1924 സെപ്തംബര്‍ 27-നായിരുന്നു. സവര്‍ണ്ണ യാഥാസ്ഥിതികത്വത്തെ നേര്‍ക്കുനേര്‍ ചോദ്യം ചെയ്തുകൊണ്ട് അവര്‍ണ്ണ വിഭാഗങ്ങളുടെ അവകാശവും അന്തസ്സും നേടിയെടുക്കാന്‍ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹം.

1921-ലാണ് ശ്രീ നാരായണഗുരുവിന്റെ അനുയായിയായ ടികെ മാധവന്‍ വൈക്കം ക്ഷേത്രത്തിലെ തീണ്ടലാചാരത്തെ മഹാത്മാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് 1923-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കാക്കിനാഡ സമ്മേളനത്തില്‍ ടികെ മാധവന്‍ ഈ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. 1924 ഫെബ്രുവരി 29-ന് വൈക്കത്തുചേര്‍ന്ന പുലയമഹാസമ്മേളനത്തെ തുടര്‍ന്നാണ് അയിത്തത്തിനെതിരെയുള്ള സമരങ്ങള്‍ ശക്തിയാര്‍ജ്ജിച്ചത്. ഇതിനെ തുടര്‍ന്ന് വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ അവര്‍ണ്ണ ജാതിക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി 1924 മാര്‍ച്ച് 30-നാണ് വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്.

സമരത്തിന്റെ ഭാഗമായി സത്യഗ്രഹികള്‍ ക്ഷേത്രത്തിനകത്തുകയറി മിശ്രഭോജനം നടത്തണം എന്നാണ് ശ്രീ നാരായണഗുരു ആഹ്വാനം ചെയ്തത്. ഗുരുവിന്റെ സന്ദര്‍ശനശേഷം വൈക്കത്തെ സമരം പൂര്‍വ്വാധികം ശക്തിപ്പെടുകയായിരുന്നു. രൂക്ഷമായ അടിച്ചമര്‍ത്തലുകളെ നേരിട്ടാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുപോയത്. സമരത്തിനു നേതൃത്വം നല്‍കിയ പുലയ സമുദായക്കാരനായ ആമചാടി തേവനേയും മൂവാറ്റുപുഴയിലെ രാമന്‍ ഇളയതിനേയും പച്ചച്ചുണ്ണാമ്പെഴുതി കണ്ണുപൊട്ടിച്ച യാഥാസ്ഥിതികര്‍ തിരുവല്ലയിലെ ചിറ്റേടത്ത് ശങ്കുപിള്ളയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമുണ്ടായി.

ടികെ മാധവന്‍ ഉള്‍പ്പെടെയുള്ള സമര നേതാക്കള്‍ തടവിലാക്കപ്പെട്ടതോടെ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നും പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ എത്തി. തുടര്‍ന്ന് പഞ്ചാബില്‍ നിന്ന് അകാലികളും പിന്തുണയുമായി വരികയുണ്ടായി.

വൈക്കം സത്യഗ്രഹത്തിന് ബഹുജന പിന്തുണ ഉറപ്പുവരുത്താന്‍ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണ്ണ പദയാത്രയാരംഭിച്ചത് 1924 നവംബര്‍ ഒന്നിനായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 1924 നവംബര്‍ 13-ന് 25,000 സവര്‍ണര്‍ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികള്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കുമായി തുറന്നു നല്‍കണമെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം.

1925 മാര്‍ച്ച് 10-നാണ് ഗാന്ധി വൈക്കം സത്യഗ്രഹ സ്ഥലം സന്ദര്‍ശിക്കുന്നത്. 1925 മാര്‍ച്ച് 12-ന് ശിവഗിരിയില്‍വെച്ച് ഗുരുവും ഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് 2025-ലാണ് നൂറു വയസ്സു തികഞ്ഞത്. തിരുവിതാംകൂറിലെ പൊലീസ് കമ്മിഷണറായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി ഗാന്ധിജി നടത്തിയ നിരന്തരമായ കത്തിടപാടുകള്‍ വഴിയാണ് ഒത്തുതീര്‍പ്പിലൂടെ വൈക്കം പ്രക്ഷോഭം വിജയത്തിലേക്കെത്തുന്നത്. ഇതിനെ തുടര്‍ന്ന് 1925 ഒക്ടോബര്‍ 8-നാണ് മഹാത്മാ ഗാന്ധി സമരമവസാനിപ്പിക്കാനുള്ള അറിയിപ്പ് സത്യഗ്രഹികള്‍ക്ക് നല്‍കിയത്. സമരം തുടങ്ങി 603 ദിവസങ്ങള്‍ കഴിഞ്ഞ് 1925 നവംബര്‍ 23-ന് സത്യഗ്രഹം ഔദ്യോഗികമായി ഒത്തുതീര്‍ന്നു.

ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തിയ സംഘടിത സമരമായിരുന്നു വൈക്കം സത്യഗ്രഹം. നാം ഇന്നു കാണുന്ന കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കാണ് ഈ പ്രക്ഷോഭം വഹിച്ചത്. ശ്രീ നാരായണഗുരുവുള്‍പ്പെടെ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജമുള്‍ക്കൊണ്ട് വിവിധ ജാതി മതവിഭാഗങ്ങള്‍ ഏകരൂപേണെ പങ്കുചേര്‍ന്ന അതിവിശാലമായ ബഹുജന സമരമായി വൈക്കം സത്യഗ്രഹം മാറുകയായിരുന്നു.