- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയില്‍ യുവതിയെ അപമാനിച്ച കേസ്; അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തില്‍ ചാടി; അനുനയിപ്പിച്ച് അറസ്റ്റ് ചെയ്തു; പിടിയിലായത് പ്രതി പത്തോളം കേസിലെ പ്രതി
തൃശൂര്‍: യുവതിയെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ച കേസില്‍ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തില്‍ ചാടിയ യുവാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം സ്വദേശി വടക്കന്‍ വീട്ടില്‍ ആഷിക്ക് (അച്ചു -34) ആണ് അറസ്റ്റിലായത്. കോടതിയില്‍ വിചാരണക്ക് ഹാജരാകാതെ വന്നതോടെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടെന്ന് അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയപ്പോഴാണ് പ്രതി കുളത്തിലേക്ക് എടുത്തുചാടിയത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി ആഷിക് നേരത്തെ സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ യുവതിയോട് ഇയാള്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി പണം നല്‍കിയില്ല. ഇതേ തുടര്‍ന്ന് സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ പകര്‍ത്തിയ ഫോട്ടോകളും വീഡിയോകളും ഒപ്പം ഇവര്‍ തമ്മിലയച്ച സന്ദേശങ്ങളും പ്രതി പലര്‍ക്കായി അയച്ചുകൊടുത്തു. യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടേയും ഫോണിലേക്കാണ് ആഷിഖ് ഇവ അയച്ചത്. സംഭവത്തില്‍ യുവതി ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ ആഷിഖ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി കേസില്‍ വിചാരണ തുടങ്ങിയെങ്കിലും പ്രതി കോടതിയില്‍ ഹാജരായില്ല. ഇതോടെ ആഷിക്കിനെ പിടികൂടാനായി കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം അന്വേഷണം നടക്കുന്നതിനിടെ ആഷിക്ക് കൊടുങ്ങല്ലൂര്‍ ഭാഗത്തുണ്ടെന്നുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചു. തന്നെ പിടികൂടാനായി എത്തിയ അന്വേഷണ സംഘത്തെ കണ്ട് ആഷിക്ക് സമീപത്തുള്ള കുളത്തിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ആഷിഖിനെ അനുനയിപ്പിച്ച് കരക്ക് കയറ്റി അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. ഒരു വധശ്രമക്കേസിലും, നാല് മോഷണക്കേസുകളിലും, സര്‍ക്കാര്‍ ജീവനക്കാരന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും, മൂന്ന് അടിപിടി കേസുകളിലും, പൊതുസ്ഥലത്ത് സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസിലും അടക്കം പത്തോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. തൃശ്ശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത്.പി.എസ്, ജി.എസ്.ഐ അശോകന്‍.ടിഎന്‍, സി.പി.ഒ മാരായ ഷിബു വാസു, അനീഷ്. പവിത്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.