- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ മരിക്കാന്‍ പോകുകയാണെന്ന് എഴുതി വച്ച് വാടകക്ക് താമസിക്കുന്ന ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്‌കൂട്ടറുമെടുത്ത് പോയത് 2022 നവംബര്‍ 11ന് രാവിലെ; പിന്നീട് വീട്ടുകാരെ ബന്ധപ്പെട്ടത് ഇന്റര്‍നെറ്റ് ഫോണില്‍; തട്ടിപ്പുകാരി വര്‍ഷയെ പോലീസ് പിടികൂടുമ്പോള്‍
കോഴിക്കോട്: ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്‌ശേഷം മരിക്കാന്‍ പോകുകയാണെന്ന് കത്തെഴുതിവച്ച് മുങ്ങിയ യുവതിയെ മൂന്നു വര്‍ഷത്തിനുശേഷം പിടികൂടി പോലീസിന്റെ നിര്‍ണ്ണായക ഇടപെടല്‍. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടില്‍ വര്‍ഷ (30) ആണ് പിടിയിലായത്. 2022 നവംബര്‍ 11ന് രാവിലെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് എഴുതി വച്ച് യുവതി വാടകക്ക് താമസിക്കുന്ന ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്‌കൂട്ടറുമെടുത്ത് പോകുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന് അറിയിച്ച് ഇവരുടെ സഹോദരി ഫറോക്ക് പോലീസില്‍ പരാതി നല്‍കി. യുവതി ഓടിച്ചുപോയ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപത്ത് നിന്നും പോലീസ് കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിച്ചിരുന്നു. മുങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്‌സില്‍നിന്ന് യുവതി 226.5 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വച്ച് 9,10,000 രൂപ കൈക്കലാക്കിയിരുന്നു. കൂടാതെ പലരില്‍നിന്നും വലിയ തുക കടം വാങ്ങുകയും ചെയ്തിരുന്നു.
കോഴിക്കോട് സിറ്റി പോലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണസംഘം സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ നീണ്ട അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും യുവതി ജീവിച്ചിരുപ്പുണ്ടെന്നും ഇന്റര്‍നെറ്റ് കോളുകള്‍ മുഖേന വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടന്നും പിടികിട്ടി. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.