കാസര്‍ഗോഡ്: 112 കിലോ കഞ്ചാവ് കടത്തിയ കേസില്‍ വെള്ളരിക്കുണ്ട് ഭീമനടി സ്വദേശിയായ നൗഫല്‍ കെ.കെ (40) ക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കാസര്‍ഗോഡ് അഡീഷണല്‍ ജില്ലാ & സെഷന്‍സ് കോടതി (രണ്ട്) ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാതിരുന്നാല്‍ മൂന്നു മാസം കൂടി തടവില്‍ കഴിയേണ്ടിവരും.

2019 ഫെബ്രുവരി 3-ന് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂങ്ങോട് പ്രദേശത്ത് ഇന്നോവ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് ചിറ്റാരിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെയും സംഘത്തിന്റെയും പിടിയിലായത്.

കേസിലെ രണ്ടാമത്തെ പ്രതി റോണി വര്‍ഗീസ് (32) സംഭവം നടന്നപ്പോള്‍ രക്ഷപ്പെടുകയും, സാമ്പത്തിക സഹായം ചെയ്തതായി കണ്ടെത്തിയ മൂന്നാം പ്രതി സമീര്‍ ഒറ്റതൈ (37) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. അന്വേഷണം തുടര്‍ച്ചയായി നടത്തിയ കാസര്‍ഗോഡ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍ നന്ദനന്‍ പിള്ള, തുടര്‍ന്ന് ടി.എന്‍. സജീവന്‍, അന്തിമമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്‍ എന്നിവര്‍ ചേര്‍ന്നുള്ള അന്വേഷണമാണ് കേസിന്റെ അടിത്തറ ശക്തമാക്കിയത്. പി.കെ സുധാകരന്‍ സമര്‍പ്പിച്ച കുറ്റപത്രം തന്നെയാണ് കോടതിയില്‍ ശിക്ഷ ഉറപ്പിക്കാന്‍ പ്രധാനമായ കരുത്തായി മാറിയത്. ഇപ്പോള്‍ റിട്ടേഡായ ഡിവൈഎസ്പി പി കെ സുധാകരന്റെ അന്വേഷണ മികവും കുറ്റപത്രങ്ങളും നേരത്തെ നേരത്തെ ചര്‍ച്ചയായതാണ്. കോടതിയില്‍ സമര്‍പ്പിച്ച ഭൂരിപക്ഷ കുറ്റപത്രങ്ങള്‍ക്കും ശിക്ഷ കൊടുക്കാന്‍ സാധിച്ചു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ മിടുക്ക്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി, അഡ്വ: ചിത്രകല എന്നിവര്‍ വാദിച്ചു. തെളിവുകളുടെ കെട്ടുറപ്പും പോലീസ് അന്വേഷണത്തിന്റെ കൃത്യതയും കോടതി പ്രത്യേകിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ നിന്നൊരു മുന്നറിയിപ്പ് വ്യക്തമാണ് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കടക്കുന്നത് ജീവിതം മുഴുവന്‍ ഇരുണ്ട തടവറകളിലേക്ക് തന്നെയാണ് നടന്നുപോകുക . പെട്ടെന്ന് കിട്ടുന്ന ലാഭത്തിനുപിന്നിലെ വില, വര്‍ഷങ്ങളോളം നഷ്ടമായ സ്വാതന്ത്ര്യം തന്നെയാണ്.