വെഞ്ഞാറമൂട്: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യാത്രക്കാരായ അച്ഛനെയും മകളെയും മര്‍ദിച്ചതായി പരാതി. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ചൊവ്വാഴ്ച രാവിലെ വെഞ്ഞാറമൂട് ജംഗ്ഷനിലാണ് സംഭവം. റസല്‍പുരം സ്വദേശി ബിജുകുമാറിനെയും മകളെയും പത്തനാപുരം ഡിപ്പോയിലെ ആര്‍പിഎം 464 ബസിലെ ഡ്രൈവര്‍ പി. അനൂപാണ് മര്‍ദിച്ചത്.

തമ്പാനൂരില്‍നിന്ന് പത്തനംതിട്ട ബസില്‍ വെഞ്ഞാറമൂടിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബിജുകുമാറും ഭാര്യയും മകളും. ഇവര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. വെഞ്ഞാറമൂട് ജംഗ്ഷനിലായിരുന്നു. എന്നാല്‍ ബസ് ഇവിടെ എത്തിയപ്പോള്‍ കണ്ടക്ടര്‍ ബെല്ലടിച്ചെങ്കിലും ഡ്രൈവര്‍ അവിടെ നിര്‍ത്തിയില്ല. തൊട്ടപ്പുറത്ത് സ്‌കൂള്‍ ജംഗ്ഷനിലാണ് പിന്നീട് ബസ് നിര്‍ത്തിയത്. ഇതോടെ ബസില്‍നിന്ന് ഇറങ്ങിയ ബിജു കുമാര്‍, കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും ബസ് നിര്‍ത്താതിരുന്നതെന്തെന്ന് ഡ്രൈവറോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായ അനൂപ് ബസില്‍ നിന്ന് ഇറങ്ങി ബിജുകുമാറിന്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയായിരുന്നു.

അച്ഛനെ മര്‍ദിക്കുന്നതു കണ്ട് ഓടിയെത്തിയ മകളെ അനൂപ് തള്ളിമാറ്റുകയും ചെയ്തു. ഇതുകണ്ട നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ അനൂപ് അവിടെനിന്ന് ബസുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിജുകുമാറും കുടുംബവും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി.