കൊച്ചി: കൊച്ചി നഗരത്തില്‍ നമ്പര്‍ പ്ലേറ്റില്ലാതെ കരാര്‍ ബസുകള്‍ സര്‍വീസുകള്‍ നടത്തിയതില്‍ നടപടിയുമായി ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സംഘം. താത്കാലിക രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമായി രേഖപ്പെടുത്താതിനെ തുടര്‍ന്നാണ് നടപടി. കൊച്ചി റിഫൈനറിയില്‍ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് നിയമം മറികടന്ന് സര്‍വീസ് നടത്തിയത്.ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ (ആര്‍ടിഒ) വിവരമറിയിക്കുകയായിരുന്നു.

ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സംഘം റിഫൈനറി ഗേറ്റിലെത്തി ഈ ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്പ്പിച്ചു. അതിസുരക്ഷാ മേഖലയായ റിഫൈനറിയുടെ ഉള്ളില്‍ ഈ വാഹനങ്ങള്‍ പ്രവേശിച്ച് ജീവനക്കാരെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ട്.ബസുകള്‍ക്ക് പെര്‍മിറ്റ് ഉള്‍പ്പെടെ ഉണ്ടോയെന്നതില്‍ സംശയമുണ്ടെന്നും ഇന്ന് രാവിലെ പത്ത് മണിയോടെ വാഹനങ്ങളുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം റോഡിലിറക്കുന്നത് മോട്ടോര്‍വാഹന നിയമപ്രകാരം കുറ്റകരമാണ്.