ആലപ്പുഴ: ഷുഗര്‍ ബാധിതയായ വീട്ടമ്മയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയതില്‍ വിശദ അന്വേഷണം നടത്തും. സമ്മതപത്രം വാങ്ങാതെയാണ് വിരലുകള്‍ മുറിച്ചതെന്ന ആരോപണം ഗൗരവത്തിലാണ് കാണുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാര്‍ഡ് മുഖപ്പില്‍ വീട്ടില്‍ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗര്‍ ബാധിതയായ ഇവരുടെ കാലില്‍ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച കാല്‍ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോള്‍ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയത് മകന്‍ സിയാദിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടര്‍മാര്‍ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.