തിരുവനന്തപുരം: വടക്കു കിഴക്കന്‍ അറബിക്കടലിലെ ശക്തമായ ന്യൂന മര്‍ദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്. നിലവിലെ ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് അടുത്ത മൂന്ന് മണിക്കുറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റിന് ശക്തി എന്ന പേരാണ് നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്. പേര് നിര്‍ദേശിച്ചത് ശ്രീലങ്കയാണ്.

അതേ സമയം ഒഡിഷക്ക് മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞു. ഞായറാഴ്ച വരെ ഇന്ത്യന്‍ തീരത്ത് ഭീഷണിയില്ല. എന്നാല്‍ കേരള തീരത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്‍സാറ്റ്-3ഡി സാറ്റലൈറ്റ് അറബിക്കടലിനു മുകളിലെ ചുഴലിക്കാറ്റിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടലിലും കച്ച് മേഖലയിലും കച്ച് ഉള്‍ക്കടലിലും മേഘങ്ങളുടെ തീവ്ര സംവഹനം രേഖപ്പെടുത്തുന്നുണ്ട്.

അറബിക്കടലില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിപ്പുണ്ട്. നിലവില്‍ മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തില്‍ ഇവിടെ കാറ്റ് വീശുന്നുണ്ട്. വൈകിട്ട് 5.30ഓടെ ഇത് 75-85 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും പ്രവചിക്കുന്നു. 4, 6 തീയതികളോടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 3 മുതല്‍ 6 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.