തിരുവനന്തപുരം: ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടര്‍ സ്‌പോര്‍ട്‌സ് ജീവനക്കാര്‍ മര്‍ദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരന്‍ റോബര്‍ട്ടിനാണ് സാരമായി പരിക്കേറ്റത്. അതി ക്രൂരമായാണ് മര്‍ദ്ദിച്ചത്. രാവിലെ ഒന്‍പതിനാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈല്‍ ഫോണ്‍ ബീച്ചില്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചില്‍ എത്തുകയും പിന്നീട് കടലില്‍ കുളിക്കാന്‍ ഇറങ്ങുകയും ചെയ്തു.

എന്നാല്‍ ഇത് വാട്ടര്‍ സ്‌പോര്‍ട്‌സ് നടത്തിപ്പുകാരായ തൊഴിലാളികള്‍ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മര്‍ദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മര്‍ദിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെ സംഘം പിന്മാറി. ടൂറിസം പോലീസെത്തി വിദേശിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കുമെന്ന് റോബര്‍ട്ട് പ്രതികരിച്ചു.