- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ സര്‍ക്കാര്‍ എഞ്ചി. കോളേജ്: നടപടികള്‍ക്ക് തുടക്കം; നോഡല്‍ ഓഫീസറെ നിയമിച്ചു
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ചെറുവത്തൂരിലെ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വളപ്പിലാണ് കോളേജ് ആരംഭിക്കുക. എം രാജഗോപാലന്‍ എം എല്‍ എയുടെ സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിനെ ഇതിനായുള്ള നോഡല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാര്‍ത്ഥികളുടെ ചിരകാലാവശ്യമാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂരിലെ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വളപ്പില്‍ പുതുതലമുറ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയുള്ള ബിടെക് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള ശുപാര്‍ശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റില്‍ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും - മന്ത്രി പറഞ്ഞു.
ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സസ്, റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുക. ഈ കോഴ്‌സുകള്‍ ആരംഭിക്കാന്‍ എ ഐ സി ടി ഇയുടെ അനുമതി നേടിയെടുക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി കൈക്കൊള്ളാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. നിലവില്‍ നിര്‍ദ്ദേശിച്ച കോഴ്‌സുകള്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉടന്‍തന്നെ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്നും ഇതിനായി ഫണ്ട് ലഭ്യമാക്കാനാകുമോയെന്ന് പരിശോധിക്കാമെന്ന് എം എല്‍ എ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.