ആറ്റിങ്ങല്‍: മോഷണത്തിനിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ കള്ളനെ പൊലീസ് കയ്യോടെ പിടികൂടി. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് അറസ്റ്റിലായത്. മോഷണത്തിന് ശേഷം ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപം കിടന്ന കള്ളന്‍ ഉറങ്ങി പോവുക ആയിരുന്നു. വെള്‌ലിയാഴ്ച രാത്രിയാണ് മോഷണം നടക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ട് സ്‌കള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ പരിശോധന നടത്തിയ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.

സ്‌കൂളില്‍ നിന്നു കവര്‍ന്ന യു പി എസും, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്‌സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാള്‍ ഉറങ്ങിപ്പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.