തിരുവനന്തപുരം: ഹൈക്കോടതിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി പി രാജീവ്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി വിവാദത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയതാണ്. ഇപ്പോള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വരുമ്പോള്‍ അത് പോലും അംഗീകരിക്കാതെ കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമായാണ് പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോടതികളില്‍നിന്ന് ഇതുപോലെ തിരിച്ചടിയേറ്റ ഒരു പ്രതിപക്ഷവും കേരള ചരിത്രത്തിലില്ല. പ്രതിപക്ഷത്തിനുള്ളത് പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ എന്ന് കെ ഫോണ്‍ കേസില്‍ ഹൈക്കോടതി ചോദിച്ചതാണ്. പ്രതിപക്ഷനേതാവും മുന്‍പ്രതിപക്ഷ നേതാവും എഐ കാമറയുമായി ബന്ധപ്പെട്ട് പോയപ്പോള്‍ രാഷ്ട്രീയ തര്‍ക്കത്തിനുള്ള വേദിയായി മാറ്റരുതെന്ന മുന്നറിയിപ്പാണ് ഹൈക്കോടതി നല്‍കിയത്.

'ഇവിടൊരു വക്കീലുണ്ട്, സ്വന്തമായി വക്കീല്‍ ഓഫീസൊക്കെ ഉള്ള ആളാണ്. കീഴ് കോടതിയില്‍ പോയി തോല്‍ക്കുമ്പോള്‍ പറയും അപ്പീല്‍ പോകാന്‍ വിധിയായിട്ടുണ്ടെന്ന്. ഹൈക്കോടതിയില്‍ പോയി തോല്‍ക്കുമ്പോഴും ഇത് തന്നെ പറയും. സുപ്രീംകോടതിയില്‍ പോയപ്പോള്‍, കോടതിയുടെ ഇതേവരെയുള്ള ചരിത്രത്തില്‍ ആദ്യമായി ഒരു നിയമസഭാ സാമാജികനോട് പത്ത് ലക്ഷം രൂപ പിഴ അടപ്പിക്കണോ എന്ന് പോലും ചോദിച്ചു. ചാനല്‍ ചര്‍ച്ചയില്‍ പോകുമ്പോള്‍ എന്ത് വിഷയത്തിലും കടലാസുണ്ടെന്ന് കാണിക്കും. ചാനലിലെ ജഡ്ജിമാര്‍ സംഗതി കൊള്ളാമെന്ന് വിധിക്കും. പക്ഷേ, കോടതി ചോദിച്ചപ്പോള്‍ ശങ്കരാടിയെപ്പോലെ കൈ രേഖ കാണിക്കും'- സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും ഏറ്റ തിരിച്ചടി ഓര്‍മിപ്പിച്ച് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശബരിമല ശില്‍പ്പപാളി വിവാദത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ഉപകരണമാണെന്ന് രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിശേഷിപ്പിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ തന്നെ ഇവിടെ വേണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ബിജെപിയുടെ ആവശ്യം നിയമസഭയ്ക്കകത്ത് അവതരിപ്പിക്കുന്നവരായി യുഡിഎഫ് മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.