കൊച്ചി: ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സരത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും സ്റ്റേഡിയത്തിന്റെ മറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കി.

യോഗത്തില്‍ ഫാന്‍ മീറ്റ് സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. മത്സരത്തിന്റെ നടത്തിപ്പ് സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ മേല്‍നോട്ടത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംസ്ഥാനതല സമിതിയെയും രൂപീകരിക്കും. കായികമന്ത്രി വി. അബ്ദുറഹിമാനും യോഗത്തില്‍ പങ്കെടുത്തു.

നവംബര്‍ 18-ന് നടക്കുന്ന മത്സരത്തിനായി അര്‍ജന്റീന ടീം നവംബര്‍ 15-ന് കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 18 വരെ ടീം കൊച്ചിയില്‍ തമ്പടിക്കുമെന്നും വിവരമുണ്ട്. ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയും മത്സരത്തില്‍ മാറ്റുരയ്ക്കും. നേരത്തെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഔദ്യോഗിക വേദിയായി പരിഗണിച്ചിരുന്നെങ്കിലും, യാത്രാ-താമസ സൗകര്യങ്ങള്‍ പരിഗണിച്ച് കൊച്ചി തിരഞ്ഞെടുക്കുകയായിരുന്നു