- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് തിങ്കളാഴ്ച മുതല്‍ വ്യാഴം വരെ
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറെയും, മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരെയും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയും അധികാരപ്പെടുത്തി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ (www.sec.kerala.gov.in) ലഭിക്കും.
941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബര്‍ 13 മുതല്‍ 16 വരെയാണ് നറുക്കെടുപ്പ് തിയതി നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയതികളില്‍ രാവിലെ 10 ന് കണ്ണൂര്‍ ജില്ലയിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നറുക്കെടുപ്പ് നടക്കും.
152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10നാണ്. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നറുക്കെടുപ്പ് നടത്തും.
ഒക്ടോബര്‍ 17ന് തിരുവനന്തപുരം സ്വരാജ് ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.
ഒക്ടോബര്‍ 18ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. ഒക്ടോബര്‍ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 10ന് നടക്കും.