കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരോട് ക്രൂരത തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ദുരന്തബാധിതരുടെ ബാങ്ക് വായ്പകള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളില്ല. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് ന്യായീകരിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വായ്പ എഴുതിത്തള്ളുന്നതില്‍ നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വായ്പ ഇളവ് നല്‍കുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധവകുപ്പ് 2025 മാര്‍ച്ചില്‍ ഭേദഗതി ചെയ്തെന്നും അതിനാല്‍ എഴുതിത്തള്ളല്‍ സാധ്യമല്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. തീരുമാനം എടുക്കണ്ടത് ബാങ്കുകളാണ്. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നും കേന്ദ്രം അറിയിച്ചു. വായ്പ എഴുതിത്തള്ളാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കുന്ന ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ വിവേചനാധികാരം ഉപയോഗിച്ച് ദുരന്തബാധിതരെ സഹായിച്ചുകൂടേ എന്നും, വായ്പ എഴുതിത്തള്ളുന്നതില്‍ മാനുഷിക പരിഗണന കാട്ടണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളിയ കേരള ബാങ്കിനെ മാതൃകയാക്കണമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. 207 പേരുടെ 3.85 കോടി രൂപയുടെ വായ്പയാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്.

നാനൂറിലേറെപ്പേര്‍ മരിച്ച ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിന് തുച്ഛമായ തുക മാത്രം കേരളത്തിന് അനുവദിച്ചതും വിമര്‍ശനമായിരുന്നു. 2162.05 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 14 മാസത്തിനുശേഷം അനുവദിച്ചത് 260.56 കോടി രൂപമാത്രമാണ്. ബിജെപി ഭരിക്കുന്ന അസമിന് വിവിധ ഇനങ്ങളിലായി 2160 കോടി രൂപയാണ് അനുവദിച്ചത്. ദുരന്ത ആഘാത ലഘൂകരണ, പുനരുദ്ധാരണ, പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കായി 4645.60 കോടി രൂപയാണ് അനുവദിച്ചത്.

2024 ജൂലൈ 29 അര്‍ധരാത്രിയാണ് മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത്.