തിരുവനന്തപുരം : പിണറായി വിജയന്‍ പഞ്ചാബിലെ മുഖ്യമന്ത്രിയായിരുന്നുവെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രം ചെമ്പ് ക്ഷേത്രമായേനെ എന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോണ്‍ പരിഹസിച്ചു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയനും ദേവസ്വം പെന്‍ഷനേഴ്‌സ് യൂണിയനും സംയുക്തമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡിലെ സ്വത്തിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തിയാല്‍ 2019- 2025 ലെ ഭരണാധികാരികള്‍ കുടുങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്നില്‍ നിര്‍ത്തി പിണറായി സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ ദേവസ്വം ബോര്‍ഡില്‍ നടന്നിട്ടുള്ള തീവെട്ടിക്കൊള്ളയെ സംബന്ധിച്ച് കേരള ഹൈക്കോടതി രേഖപ്പെടുത്തിയ അഭിപ്രായം ഞെട്ടിക്കുന്നതാണ്. ശബരിമലയിലടക്കമുള്ള ദേവസ്വം സ്വത്തുക്കളുടെ യഥാര്‍ത്ഥ കണക്കെടുപ്പ് നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരമായിരിക്കും പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ദേവസ്വം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് മനു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. യുടിയുസി ദേശീയ പ്രസിഡന്റ് എ. എ അസീസ് മുഖ്യ പ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡോ. പി എസ് പ്രസാദ്, എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ് ലാലു , അഡ്വ ടി സി വിജയന്‍ , കെ. ജയകുമാര്‍ , പിജി പ്രസന്നകുമാര്‍ , വി ശ്രീകുമാരന്‍ നായര്‍ , കെ. എസ്. സനല്‍കുമാര്‍, ഇടവനശ്ശേരി സുരേന്ദ്രന്‍ , ഇറവൂര്‍ പ്രസന്നകുമാര്‍ , ഡോ. കെ. ബിന്നി , കരിക്കകം സുരേഷ് , എന്‍. ഗോവിന്ദന്‍ നമ്പൂതിരി , പി. വിജയചന്ദ്രന്‍ നായര്‍, ചവറ രാജശേഖരന്‍, അനില്‍കുമാര്‍ തെക്കുംഭാഗം എന്നിവര്‍ സംസാരിച്ചു.

നളന്ദ ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ബി. തുളസീധരന്‍ പിള്ള, പ്രേംജിത്ത് ശര്‍മ്മ, കെ.പി മധുസൂദനന്‍ പിള്ള, പട്ടാഴി പ്രശാന്ത് , ചെമ്മരുതി ശശികുമാര്‍ , പുലിയൂര്‍ ചന്ദ്രന്‍ , , അജയന്‍ ശക്തി കുളങ്ങര , അനില്‍കുമാര്‍ അനില്‍ സൗണ്ട്, രജുകുമാര്‍ , ജയകൃഷ്ണന്‍ പോറ്റി , മാവേലിക്കര സതീശന്‍, സിന്ധു സുരേഷ് , ലേഖ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.