- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി; പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ നോട്ടീസ് നല്‍കും
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെടും. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെമ ചട്ട ലംഘനം നടന്നോ എന്ന് കണ്ടെത്താനാണ് ഇത്.
ഇന്നലെ നടന്ന പരിശോധനയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള ആര്‍ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖറിന്റെ വാഹനം വിട്ടു നല്‍കുന്നില്ല എങ്കില്‍ അതിനു കൃത്യമായ വിശദീകരണം നല്‍കാന്‍ കസ്റ്റംസിനോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ വീട്, അമിത് ചക്കാലക്കലിന്റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു.
ഇന്ത്യയിലേക്ക് ഭൂട്ടാന്‍/നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്.