ചങ്ങനാശേരി: വെര്‍ച്വല്‍ അറസ്റ്റിലൂടെ മുതിര്‍ന്ന പൗരന്റെ 15 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് അധികൃതരും പൊലീസും ചേര്‍ന്നു പൊളിച്ചടുക്കി. തട്ടിപ്പുകാരുടെ വലയില്‍ വീണ മുതിര്‍ന്ന പൗരന്‍ പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി. സ്ഥിരനിക്ഷേപം സേവിങ്‌സ് അക്കൗണ്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടാണ് മുതിര്‍ന്ന പൗരന്‍ കുരിശുംമൂട്ടിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ബാങ്ക് ജീവനക്കാര്‍ ശ്രദ്ധിച്ചതാണു തട്ടിപ്പു പുറത്തറിയാന്‍ ഇടയാക്കിയത്.

ഇത്രയും വലിയ തുക ഇപ്പോള്‍ പിന്‍വലിക്കാന്‍ കാരണമെന്തെന്ന് മാനേജര്‍ തിരക്കി, ബ്രാഞ്ച് മാനേജര്‍ മിന്റു ജോസും അസി. മാനേജര്‍ വിഷ്ണു ഗോപാലും കാര്യങ്ങള്‍ വിശദമായി തിരക്കിയപ്പോഴാണ് സംഭവം വിര്‍ച്വല്‍ അറസ്റ്റാണെന്ന് മനസ്സിലായത്. സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച കേസുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാന്‍ 15 ലക്ഷം രൂപ മുംബൈ പൊലീസ് ആവശ്യപ്പെട്ടെന്നും മുതിര്‍ന്ന പൗരന്‍ പറഞ്ഞു. തുടര്‍ന്നു ബാങ്കിന്റെ ക്ലസ്റ്റര്‍ ഹെഡ് സുനിറ്റ് മാത്യു, പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.വിനോദ് കുമാറിനെ വിവരമറിയിച്ചു.

പൊലീസ് ഉടന്‍ ബാങ്കിലെത്തി മുതിര്‍ന്ന പൗരനെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീടു വീണ്ടും 'മുംബൈ പൊലീസിന്റെ' വിഡിയോ കോള്‍ എത്തി. എന്നാല്‍, ഫോണ്‍ പൊലീസിനു കൈമാറിയതോടെ അവര്‍ കട്ട് ചെയ്തു മുങ്ങി.