തൃശൂര്‍: മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതി വിലങ്ങണിയിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി രക്ഷപ്പെട്ടു. 'ഡൈമണ്‍' എന്നറിയപ്പെടുന്ന ചൊവ്വൂര്‍ സ്വദേശി ജിനു ജോസ് (31) ആണ് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ കുപ്രസിദ്ധ ക്രിമിനല്‍ ഉള്‍പ്പെടെ നാല് പേരെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

രക്ഷപ്പെട്ടതിന് ശേഷം പ്രതിയെ സഹായിച്ച രണ്ടുപേരും, മയക്കുമരുന്ന് ഇടപാടില്‍ പ്രധാന പ്രതിയുടെ കൂട്ടാളിയുമാണ് പിടിയിലായ മറ്റുള്ളവര്‍. ജിനുവിനെ രക്ഷപ്പെടാന്‍ സഹായിച്ച പെരിഞ്ചേരി സ്വദേശികളായ ദില്‍ജിത്ത് (30), അരുണ്‍ (38) എന്നിവരും മയക്കുമരുന്ന് ഇടപാടില്‍ ജിനുവിന്റെ കൂട്ടാളിയായ 'മുടിയന്‍' എന്ന് വിളിക്കുന്ന ചേര്‍പ്പ് എട്ടുമുന സ്വദേശി ജിഷ്ണുവും (31) ആണ് പിടിയിലായ മറ്റുള്ളവര്‍.

എട്ടുമുനയിലുള്ള ഒരു വീട് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വില്‍പന നടത്തിയിരുന്ന വിഷ്ണുവിനെ എം.ഡി.എം.എ.യുമായി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാമ് ജിനു ജോസ് പിടിയിലായത്. തുടര്‍ന്ന് പോലീസ് ചൊവ്വൂരിലെ വീട്ടിലെത്തി ജിനു ജോസിനെയും പിടികൂടി. ഒരു കൈയ്യില്‍ വിലങ്ങിട്ട ശേഷം മറുകൈയ്യില്‍ ഇടുന്നതിനിടെ പോലീസിനെ തള്ളിമാറ്റി ജിനു ജോസ് വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു.


ജിനു ജോസിനെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. വെള്ളിയാഴ്ച രാവിലെ പെരിഞ്ചേരിയിലുള്ള ഒരു വീടിന്റെ മുകളില്‍ നിന്ന് ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജിനുവിനെയും, ഇയാളുടെ കൈയ്യിലെ വിലങ്ങ് മുറിക്കാനും ഒളിവില്‍ കഴിയാനും സഹായിച്ച കൂട്ടാളികളെയും പൊലീസ് സാഹസികമായി പിടികൂടി.