തിരുവനന്തപുരം: മണ്ണന്തലയില്‍ അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. മണ്ണന്തല പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണു മരിച്ചത്. സഹോദരിയുടെ മകനും നിരവധി കേസുകളില്‍ പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് രാജേഷ് സുധാകരനെ അടിച്ചതെന്നാണു സൂചന. രാജേഷും സുധാകരനും ഒരു വീട്ടിലാണു താമസിച്ചിരുന്നത്.

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ രാജേഷ് അമ്മാവനെ ക്രൂരമായി മര്‍ദിച്ചുവെന്നു അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു. മര്‍ദനമേറ്റ സുധാകരന്‍ രാത്രി മരിച്ചുവെന്നാണു കരുതുന്നത്. രാവിലെയാണു നാട്ടുകാര്‍ വിവരം അറിഞ്ഞ് പൊലീസിനെ വിളിച്ചത്. ഇതിനിടെ രാജേഷ് സ്ഥലത്തുനിന്നു മുങ്ങി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ച രാജേഷിന്റെ എതിര്‍ സംഘത്തില്‍പെട്ട ഗുണ്ടകള്‍ ഈ വീടിനു നേരെ ആക്രമണം നടത്തിയിരുന്നു. കൊടുംക്രിമിനലാണ് രാജേഷും.