തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതില്‍ അഭിമാനമെന്ന് ഒ ജെ ജനീഷ്. കേരളത്തിന്റെ സമര പോരാട്ടങ്ങള്‍ പുതിയ നേതൃത്വം ഒന്നിച്ച് ഏറ്റെടുക്കുമെന്നും ജനീഷ് പറഞ്ഞു. കേരളത്തിന്റെ ഭരണമാറ്റത്തിന് ചുരുങ്ങിയ ദിവസങ്ങളാണുള്ളത്. ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് നിര്‍ണായക ചുമതലയുണ്ട്. ഒറ്റക്കെട്ടായി ആ പ്രതിഷേധങ്ങള്‍ ഏറ്റെടുക്കുമെന്ന് ഒജെ ജനീഷ് പറഞ്ഞു. തൃശൂര്‍ ഡിസിസിയില്‍ വന്‍ സ്വീകരണമാണ് ഒജെ ജനീഷിന് ഒരുക്കിയിരിക്കുന്നത്. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് നടന്ന ബിജെപി, ഡിവൈഎഫ്‌ഐ പ്രതിഷേധങ്ങള്‍ക്കെതിരെയും നിയുക്ത അധ്യക്ഷന്‍ പ്രതികരിച്ചു. രാഹുലിനെതിരെ നടക്കുന്നത് അനാവശ്യ പ്രതിഷേധമെന്നും ജനീഷ് പറഞ്ഞു.എംഎല്‍എ എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ അദ്ദേഹം ഉണ്ടാകേണ്ടത് അവിടുത്തെ ജനങ്ങളുടെ അവകാശമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

അതേസമയം അബിന്‍ വര്‍ക്കിയും അഭിജിത്തും ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലപ്പെടുത്തിയ ഉത്തരവ് കൂടി പുറത്തു വന്നു. രമേശ് ചെന്നിത്തല ഒഴികെ ബാക്കിയുള്ള മുഴുവന്‍ നേതാക്കളും ഒജെ ജനീഷിനെ പിന്തുണച്ചതോടെയാണ് ഒറ്റ പേരിലേക്ക് നേതൃത്വം എത്തിയത്. ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒജെ ജനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒജെ ജനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.