പരപ്പനങ്ങാടി : മലപ്പുറം പരപ്പനങ്ങാടിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച പുകയില ഉല്‍പന്നങ്ങളും വിദേശ സിഗരറ്റും പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനക്കിടെ മൂന്നിയൂര്‍ തലപ്പാറ ജങ്ഷന് സമീപം കൈതകത്ത് ലത്തീഫിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. 30 ചാക്കുകളിലായി 2200 കിലോ പിടിച്ചെടുത്തു. നിയമപരമായ മുന്നറിയിപ്പില്ലാത്ത വിദേശ നിര്‍മ്മിത സിഗരറ്റുകളാണ് കണ്ടെത്തിയത്.

എക്‌സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. വന്‍ റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജില്ലയില്‍ പുകയില ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരില്‍ ഒരാളാണ് പിടിയിലായതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. .എക്‌സ് സൈസ് ഇന്‍സ്പെക്ടര്‍ കെ ടി ഷാനൂജ്, അസി. എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ദിനേശ്, അജിത് കുമാര്‍ , ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.