ന്യൂഡല്‍ഹി: ഭരണത്തില്‍ തുടരാനുള്ള ബിജെപിയുടെ ഏക വഴി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുക എന്നതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി പങ്കുവച്ച എക്‌സ് പോസ്റ്റിലാണ് പരാമര്‍ശം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നത് നുഴഞ്ഞുകയറ്റത്തിലൂടെയാണ് എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. ബീഹാര്‍ എസ്‌ഐആറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട് വെക്കുന്ന വാദവും അമിത് ഷായുടെ പ്രസ്താവനയും തമ്മില്‍ ഘടകവിരുദ്ധമാണ്.

എന്ത് അടിസ്ഥാനത്തിലാണ് അമിത് ഷാ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. നാണമില്ലാതെ നുണ ആവര്‍ത്തിക്കുകയാണ് ആഭ്യന്തരമന്ത്രി ചെയ്യുന്നത്. ഓരോ തവണയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള വിദ്വേഷ പ്രസ്താവനകള്‍ പുറത്തിറക്കാറുണ്ട്. ബിജെപിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനും ഭരണത്തില്‍ തുടരാനുമുള്ള ഏക വഴി വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.