- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവഴിയില്‍ സ്‌ക്കൂട്ടറിലെത്തി 86കാരിയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു; സ്വര്‍ണമെന്ന് കരുതി പിടിച്ചുപറിച്ചത് മുക്കുപണ്ടം; കമിതാക്കള്‍ അറസ്റ്റില്‍
ആലപ്പുഴ: അരൂരില്‍ 86കാരിയെ ആക്രമിച്ച് സ്വര്‍ണ മാലയെന്ന് കരുതി മുക്കുപണ്ടം പൊട്ടിച്ചു കടന്ന കമിതാക്കളെ മണിക്കൂറുകള്‍കുള്ളില്‍ വലയിലാക്കി അരൂര്‍ പോലിസ്. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി നിഷാദ്, ഇയാളുടെ പെണ്‍സുഹൃത്ത് പള്ളുരുത്തി സ്വദേശിനി നിതു എന്നിവരാണ് പിടിയിലായത്. അരൂര്‍ കൊച്ചു പുരയ്ക്കല്‍ സരസ്വതിയമ്മ(86)യുടെ മാലയാണ് പിടിച്ചു പറിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് അരൂര്‍ കോട്ടപ്പുറം റോഡിനു സമീപമുള്ള ഇടവഴിയില്‍ സ്‌ക്കൂട്ടറിലെത്തി മാല പൊട്ടിച്ചു കടക്കുകയായിരുന്നു. അരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കാലു വേദനയ്ക്ക് മരുന്നു വാങ്ങി ഓട്ടോയില്‍ വന്നിറങ്ങിയ സരസ്വതിയമ്മ ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് പിന്നാലെയെത്തി മുഖത്തും തലയിലുമെല്ലാം മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചത്.
സരസ്വതിയമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ അരൂര്‍ പോലീസില്‍ വിവരം അറിയിച്ചു. അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിലാണ് പ്രതികളെത്തിയതെന്ന് മനസിലാക്കി. തുടര്‍ന്ന് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഇലക്ട്രിക് സ്‌ക്കൂട്ടര്‍ ഓടിച്ചിരുന്നത് നീതുവായിരുന്നു. ഇവര്‍ ആളൊഴിഞ്ഞ വഴികളില്‍ ഇരകളെത്തേടി നടക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.