കൊച്ചി: എറണാകുളം പറവൂര്‍ നീണ്ടൂരില്‍ മൂന്നര വയസുകാരിയെ കടിച്ച തെരുവുനായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് കുടുംബം. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള അമ്പലപ്പറമ്പില്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്നലെ കഴിഞ്ഞിരുന്നു. കുട്ടിയുടെ അറ്റുപോയ ചെവി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് തുന്നിച്ചേര്‍ത്തത്.

കുട്ടിയുടെ ചെവി നായ കടിച്ചെടുത്തതിന് പിന്നാലെ കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് എറണാകുളം സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് വിവരം. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. നായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവുനായ ശല്യത്തിന് സ്ഥിര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.