കോവളം: തമിഴ്‌നാട്ടില്‍നിന്ന് ഓട്ടം വിളിച്ച് വിഴിഞ്ഞത്ത് എത്തിച്ച മിനിലോറി മോഷ്ടിച്ചതില്‍ രണ്ടുപേരെ തമിഴ്‌നാട്ടില്‍നിന്ന് പോലീസ് പിടികൂടി. മാര്‍ത്താണ്ഡം ഉന്നംകടൈ പെരുമ്പിക്കൊല്ലം വിളയില്‍ രാജേഷ് (38), കാഞ്ഞിരംകോട് സിറയന്‍കുഴി കല്ലുവെട്ടാന്‍ കുഴിവിളൈയില്‍ എഡ്വിന്‍ (42) എന്നിവരെയാണ് ഡാന്‍സാഫ് സംഘവും വിഴിഞ്ഞം പൊലീസും ചേര്‍ന്ന് പിടികൂടിയത്.

തമിഴ്‌നാട് കലയാവൂര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി പുതുപെരുമാളിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് 11ന് രാത്രി വിഴിഞ്ഞത്തുനിന്ന് മോഷ്ടിച്ചത്. വിഴിഞ്ഞത്തുനിന്ന് വലയും എന്‍ജിനും തൂത്തുക്കുടിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ചാണ് പുതുപെരുമാളിന്റെ അനുജന്‍ വാഹനവുമായി വിഴിഞ്ഞത്ത് എത്തിയത്. ഫിഷ് ലാന്‍ഡിങ് സെന്ററില്‍ എത്തിയപ്പോള്‍ ഡ്രൈവറോട് ഭക്ഷണം കഴിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച് തിരികെ എത്തിയപ്പോഴാണ് വാഹനം മോഷണം പോയ വിവരം മനസ്സിലായത്. അന്വേഷണത്തില്‍ മോഷ്ടിച്ച ലോറി പൊളിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ തമിഴ്‌നാട്ടില്‍നിന്ന് പിടിയിലായത്. പ്രതി എഡ്വിന്‍ വാഹനം പൊളിച്ച് വില്‍പ്പന നടത്തുന്നയാളാണ്. രാജേഷ് അടൂരിലും തമിഴ്‌നാട്ടിലും രണ്ട് വാഹനമോഷണ കേസുകളിലെ പ്രതിയാണ്.