ബെംഗളൂരു: കേരളത്തില്‍ ഉള്‍പ്പടെ പലിശ രഹിത വായ്പ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പണയം വാങ്ങി തട്ടിപ്പു നടത്തിയ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍ മാതമംഗലം കൂറ്റൂര്‍ സ്വദേശി സലാം മണക്കാട്ട് വിദ്യാരണ്യപുരം എംഎസ് പാളയ സര്‍ക്കിളില്‍ എമിറേറ്റ്സ് ഗോള്‍ഡ് പാന്‍ ബ്രോക്കേഴ്സ് എന്ന് സ്ഥാപനം ഉടമ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

സലാമിന്റെ ഭാര്യ സറീനയും കേസില്‍ പ്രതിയാണ്. തളിപ്പറമ്പ് ചിറവക്ക് മെലോറ ജ്വല്ലറിയുടെ പോരിലാണ് തട്ടിപ്പ് നടത്തിയത്. യശ്വന്തപുര സ്വദ്ശി ദാബിര്‍ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസിന് കീഴിലുളള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) നടപടി.

മുഡിഗെരെയില്‍ എആര്‍ ഗോള്‍ഡെന്ന സ്ഥാപന ഉടമയായ ജാബിര്‍ ഇടനിലനിന്ന് ഇയാളുടെ കുടുബക്കാരും സുഹൃത്തുക്കളും ഉള്‍പ്പടെ 41 പേരില്‍ നിന്ന 5 കിലോഗ്രാം സ്വര്‍ണം സലാമും അജിത്തും പണയം വെക്കാന്‍ വാങ്ങിയിരുന്നു. അടുത്തിടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതോടെ ഇതിലൊരാള്‍ പണയമെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം ഇവര്‍ അറിയാതെ മറിച്ചുവില്‍ക്കുന്നതായിരുന്നു രീതി. ഇത്തരത്തില്‍ ബംഗളുരു, മംഗളുരു, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് മലപ്പുറം എന്നിവടങ്ങളില്‍ തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് പൊലീസില്‍ ഉള്‍പ്പെടെ കേരളത്തില്‍ 1400 പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണവിലയില്‍ 70 മുതല്‍ 80 ശതമാനം വരെയാണ് ഇവര്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത്.