ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ സഹോദരി പറവൂര്‍ വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. അസുഖബാധിതയായി കിടപ്പിലായിരുന്നു. വിഎസ് ഉള്‍പ്പെടെയുള്ള 3 സഹോദരന്‍മാരുടെ ഏക സഹോദരിയായിരുന്നു. സഹോദരന്‍മാര്‍ നേരത്തെ മരിച്ചു. സംസ്‌കാരം വീട്ടു വളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: തങ്കമണി, പരേതയായ സുശീല.

വിഎസ് മരിച്ച കാര്യം ആഴിക്കുട്ടി അറിഞ്ഞിരുന്നില്ല. അന്നേ ഓര്‍മ്മകളുടെ പ്രശ്‌നമുണ്ടായിരുന്നു. വിഎസ് മരിച്ച ശേഷം ടിവിയില്‍ വാര്‍ത്തകള്‍ കാണിച്ചെങ്കിലും ആഴിക്കുട്ടി അതു തിരിച്ചറിഞ്ഞിരുന്നില്ല. അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുന്‍പ് വിഎസിന്റെ വിശേഷങ്ങള്‍ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു. വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ ഫോണിലൂടെ വിവരങ്ങള്‍ പറയുമായിരുന്നു. വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീടാണു വെന്തലത്തറ.