പന്തളം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പിന് പന്തളം കൊട്ടാരത്തില്‍ നിന്ന് കശ്യപ് വര്‍മ്മയേയും മൈഥിലി കെ. വര്‍മ്മയേയും വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാമവര്‍മ്മ രാജ നിയോഗിച്ചു. തിരുവല്ല പാലിയേക്കര കൊട്ടാരത്തില്‍ ശൈലേന്ദ്ര വര്‍മയുടെയും മാവേലിക്കര കൃഷ്ണവിലാസം വലിയ കൊട്ടാരത്തില്‍ പൂജാവര്‍മയുടെയും മകനായ കശ്യപ് വര്‍മ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നിര്‍വഹിക്കും. പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ മുന്‍ രാജ പ്രതിനിധി പ്രദീപ് കുമാര്‍ വര്‍മ്മയുടെ ചെറുമകനാണ് കശ്യപ്. നെതര്‍ലാന്‍ഡ്സിലെ അല്‍മേര്‍ ഡിജിറ്റാലിസ് പ്രൈമറി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി:ചിന്മയി വര്‍മ്മ.

പന്തളം മുണ്ടയ്ക്കല്‍ കൊട്ടാരത്തിലെ മുന്‍ രാജ പ്രതിനിധി രാഘവവര്‍മ്മയുടെ മകള്‍ ശ്രുതി ആര്‍. വര്‍മ്മയുടെയും ചാഴൂര്‍ കോവിലകത്ത് സി.കെ. കേരള വര്‍മ്മ ദമ്പതികളുടെ മകള്‍ മൈഥിലി കെ. വര്‍മ്മയാണ് മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുന്നത്. മൈഥിലി ബാഗ്ലൂര്‍ സംഹിത അക്കാദമി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി യാണ്. സഹോദരന്‍: മാധവ് കെ വര്‍മ്മ.

പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി നാളെ ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുന്‍പില്‍ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ട. ജസ്റ്റിസ് കെ.റ്റി. തോമസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ നറുക്കെടുപ്പിനായി അയയ്ക്കുന്നത്.