ആലപ്പുഴ: കേരളത്തിലെ എല്ലാ ദേവസ്വങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് അഴിച്ചുപണിയണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കുള്ള ഇടമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ജി. സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്ന് പ്രശംസിച്ച വെള്ളാപ്പള്ളി കെ. ബി. ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

എ. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നമ്പൂതിരിമാരും പോറ്റിമാരുമാണ് സ്വര്‍ണം കക്കുന്നതെന്ന തന്റെ പ്രസ്താവനയില്‍ ബ്രാഹ്‌മണസഭയോട് വെള്ളാപ്പള്ളി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ചേര്‍ത്തലയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം

ദേവസ്വം ബോര്‍ഡ് അമ്പലങ്ങളില്‍ എല്ലാം മോഷണം നടക്കുന്നുണ്ട്. മോഷണം ഇല്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഈ സംവിധാനങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ചക്കര കുടത്തില്‍ കൈ ഇടുന്നത് തുടരും. ക്ഷേത്ര വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമല്ല. സംവിധാനം മുഴുവന്‍ മാറണം.

അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം. വാതിലായും പലകയായും പലതായും ദേവസ്വം ബോര്‍ഡിലെ അഴിമതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ കാലത്തല്ല പലരുടേയും കാലത്ത് അഴിമതി നടന്നു. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്.

അഴിമതിരഹിതമായി കുറേയെങ്കിലും നടക്കണമെങ്കില്‍ ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസംവിധാനം അഴിച്ചുപണിയണം. ആര് വന്നാലും ഈ അഴിമതി ലോകാവസാനം വരെ അനസ്യൂതം നടന്നുകൊണ്ടുതന്നെയിരിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. ഒറ്റൊരു ബോര്‍ഡുണ്ടാക്കി എന്തുകൊണ്ട് ഒരു ഐഎഎസുകാരനെ തലപ്പത്ത് വെച്ചുകൂടാ? ബ്രാഹ്‌മണസഭയ്ക്ക് എതിരല്ല ഞാന്‍ പറഞ്ഞത്. അങ്ങനെ പറഞ്ഞെന്ന് അവര്‍ക്ക് തോന്നുന്നെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, വെള്ളാപ്പള്ളി പറഞ്ഞു. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

എയിഡഡ് സ്‌കൂളുകളിലെ സംവരണത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ല. എന്‍എസ്എസിന് അനുകൂലമായ വിധി എല്ലാവര്‍ക്കും നടപ്പിലാക്കണമായിരുന്നു. ക്രിസ്ത്യന്‍ സമൂഹം ഇടപെട്ടപ്പോള്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജി. സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ. കേരളത്തിനും ആലപ്പുഴക്കും സുധാകരനെ അവഗണിക്കാന്‍ കഴിയില്ല. പാര്‍ട്ടി നേതാക്കളുടെ വളര്‍ച്ച ഉള്‍കൊള്ളാന്‍ ജി. സുധാകരന്‍ തയ്യാറാവണം. പിഡബ്ല്യുഡി മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത് ജി സുധാകരന്റെ കാലത്താണ്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കിയാല്‍ വിഷമം ഉണ്ടാവും.

തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങള്‍ക്കും പാര പണിതവന്‍ ആണ് ഗണേശന്‍. സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം വാങ്ങിയവന്‍. സരിതയുടെ ഇപ്പോഴത്തെ അവസ്ഥ മോശം. ഇവന് സഹായിച്ചുകൂടെ? ഫ്യൂഡല്‍ മാടമ്പിക്ക് അപ്പുറമാണ് പെരുമാറ്റം. അവന്റെ പാരമ്പര്യം ആണിത്. അവനാണ് എന്നോട് പറയാന്‍ വരുന്നത്. അഹങ്കാരത്തിന് കൈയും കാലും വെച്ചവന്‍. ഗണേശന്റെ തന്തയാണ് നടേശന്‍.