കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തെ നടുക്കിയ തീപിടുത്തത്തിനിടെ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങളുടെ വില ഈടാക്കി താക്കീത് നല്‍കി യുവതിയെ വിട്ടയച്ചു. തളിപ്പറമ്പിനടുത്തുളള ഒരു പഞ്ചായത്തിലാണ് യുവതി താമസിക്കുന്നത്.

ഒക്ടോബര്‍ ഒന്‍പതിനാണ് തളിപ്പറമ്പ് ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തിന് തീപ്പിടിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അഗ്‌നിബാധയില്‍ നഗരം നടുങ്ങി നില്‍ക്കുമ്പോഴാണ് യുവതി എതിര്‍വശത്തുളള നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയത്. തടിച്ചുകൂടിയ ജനക്കൂട്ടത്തിലൂടെയാണ് യുവതി കടന്നുകളഞ്ഞത്. പതിനായിരത്തോളം രൂപയുടെ സാധനങ്ങളാണ് യുവതി മോഷ്ടിച്ചത്.