- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ഫീസ് അടച്ചില്ല; സ്‌കൂള്‍ വാഹനത്തില്‍ കയറാന്‍ ഒരുങ്ങിയ യുകെജി വിദ്യാര്‍ത്ഥിയെ തടഞ്ഞു; കണ്ണീരോടെ മടങ്ങി കുട്ടി; മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി
മലപ്പുറം: ബസ് ഫീസ് അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുകെജി വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ വാഹനത്തില്‍ കയറാന്‍ അനുവദിക്കാതെ മടക്കി അയച്ചുവെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്‌കൂള്‍ വാഹനത്തില്‍ കയറാന്‍ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസില്‍ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ബസില്‍ കയറ്റാതെ വഴിയില്‍ വിട്ട് ബസ് പോവുകയായിരുന്നു.
രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയില്‍ നിര്‍ത്തി പോയത്. മറ്റ് വിദ്യാര്‍ഥികള്‍ ബസില്‍ സ്‌കൂളിലേക്കു പോയതോടെ അഞ്ച് വയസുകാരന്‍ മടങ്ങി. ബസ് ഫീസ് ആയിരം രൂപ അടക്കാന്‍ വൈകിയതിനാണ് കുട്ടിക്ക് നേരെയുള്ള ക്രൂരത. അതേസമയം, സംഭവത്തില്‍ പരാതിയുമായി സ്‌കൂളിലെത്തിയ അമ്മയോട് മാനേജരും മോശമായി പെരുമാറി. ഇത്തരക്കാരെ ടി.സി കൊടുത്ത് പറഞ്ഞു വിടണമെന്ന് സ്‌കൂള്‍ മാനേജര്‍ പറഞ്ഞതായി കുടുംബം പറയുന്നു.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പൊലീസിലും കുടുംബം പരാതി നല്‍കി. മാനസിക പ്രയാസം കാരണം സ്‌കൂള്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയുടെ കുടുംബം. ഇനി ആ സ്‌കൂളിലേക്ക് കുട്ടിയെ വിടുന്നില്ലെന്ന് അമ്മ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.