- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനയയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം അല്ല; ഒന്‍പത് വയസ്സുകാരിയുടെ മരണം ചികില്‍സാ പിഴവുമൂലമെന്ന് അമ്മ; താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്കി കുടുംബം
കോഴിക്കോട്: താമരശ്ശേരിയിലെ ഒന്‍പത് വയസ്സുകാരി അനയയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്നും ചികില്‍സാ പിഴവു കാരണമാണെന്നും അമ്മ രംബീസ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. അന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം എന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്നായിരുന്നു ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചത്.
നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ചികിത്സാ പിഴവ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു. മരണത്തില്‍ ആരോഗ്യ വകുപ്പിനും പരാതി നല്‍കും. കുട്ടിയുടെ പിതാവ് ആശുപത്രിയിലെ ഡോക്ടറെ ആക്രമിക്കുന്നതിലേക്ക് നയിച്ച കുഞ്ഞിന്റെ മരണം ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യൂമോണിയയുടെ സങ്കീര്‍ണതകള്‍ കാരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
പ്രാഥമിക സ്രവ പരിശോധനയില്‍ തലച്ചോറില്‍ അമീബയുടെ (ട്രോഫോസോയിറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ ഓഗസ്റ്റ് 14നാണ് താമരശേരി കോരങ്ങാട് സ്വദേശി ഒന്‍പത് വയസുകാരി അനയ മരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയ കുട്ടിയെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ യാത്രാമധ്യേ കുട്ടി മരിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൃത്യമായി ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്ന് കുടുംബം തുടക്കം മുതല്‍ തന്നെ ആരോപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് പനി മൂര്‍ച്ഛിച്ച് മരണം സംഭവിച്ചതിലെ ദുരൂഹതയാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കാക്കിയത്.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നോക്കട്ടെയെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതികരണം. എന്താണ് മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടാകുമല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു.
അനയ മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് ആരോപിച്ച് പിതാവ് സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലേ ഡോക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് വൈകുന്നേരം സനൂപിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.