ഇടുക്കി: വൃഷ്ടി പ്രദേശത്തെ ജലനിരപ്പിന്റെ റൂള്‍ കര്‍വ് പിന്നിട്ടതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. R1, R2, R3 എന്നീ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 1064 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് ഒഴുക്കിവിടുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വൃഷ്ടി പ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നിരുന്നു. പെരിയാര്‍ തീരത്ത് ജലനിരപ്പ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ് 138.25 ഘനയടിയാണ്.

ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണ്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കട്ടപ്പനയ്ക്ക് സമീപം ഉരുള്‍പൊട്ടിയതായും സംശയമുണ്ട്. നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തി.

ശനിയാഴ്ച പുലര്‍ച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം കല്ലാര്‍ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. ശക്തമായ മഴ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കല്ലാര്‍ ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി.