തിരുവനന്തപുരം: നിമിഷപ്രിയ വിഷയത്തില്‍ പോസിറ്റീവ് റിസള്‍ട്ട് ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അത്തരത്തിലുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും അതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഇപ്പോഴും ചില തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര വിലകൊടുത്തും നിമിഷപ്രിയയെ കൊണ്ടുവരുമെന്നാണ് പ്രചാരണമെന്നും ഈ പ്രചാരണങ്ങള്‍ ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പദവിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് എല്ലാവരും പ്രവര്‍ത്തിക്കുന്ന സന്ദേശമാണ് പറഞ്ഞത്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വേട്ടയാടുകയാണ്. കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ ആക്രമണം നേരിടുന്നു. ചിലര്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തുന്നു. പാര്‍ട്ടിയില്‍ ഒരു പദവിയും പ്രശ്‌നമല്ലെന്നും 23 വര്‍ഷക്കാലമായി പദവികള്‍ക്കപ്പുറം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.