കൊച്ചി: തലയിലെയും കഴുത്തിലെയും അര്‍ബുദങ്ങളുടെ ചികിത്സയ്ക്കായി കേരളത്തിലെ ആദ്യത്തെ സംയോജിത ശൃംഖല രൂപീകരിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഏകീകൃത കാന്‍സര്‍ പരിചരണ ശൃംഖല കൂടിയാണ് ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് - കേരള ക്ലസ്റ്റര്‍. കേരള ക്ലസ്റ്റര്‍, ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷോണ്‍ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് വിപുലമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാനാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

'ഹബ്-ആന്‍ഡ്-സ്‌പോക്ക്' മാതൃകയിലാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് അവര്‍ താമസിക്കുന്നയിടത്ത് നിന്നും ഏറ്റവും അടുത്തുള്ള ആസ്റ്റര്‍ ആശുപത്രികളില്‍ നിന്നുതന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സയും തുടര്‍ചികിത്സയും ലഭിക്കും എന്നതാണ് പ്രത്യേകത. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹബ്ബില്‍ നിന്ന് മള്‍ട്ടിഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡുകള്‍, കേന്ദ്രീകൃത ചികിത്സാപദ്ധതികളുടെ ആസൂത്രണം, നൂതന ശസ്ത്രക്രിയാ പിന്തുണ എന്നിവയുടെ പ്രയോജനങ്ങളും ലഭിക്കും. 'ലോകോത്തര നിലവാരമുള്ളതും ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ കാന്‍സര്‍ പരിചരണം കേരളത്തിലെ ഓരോ രോഗിക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷോണ്‍ ടി. ജോസഫ് പറഞ്ഞു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം, പ്രാദേശികതലത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഗ്രഗണ്യരായ ഡോക്ടര്‍മാരുടെ മള്‍ട്ടിഡിസിപ്ലിനറി പിന്തുണയാണ് രോഗികള്‍ക്ക് ലഭിക്കുക. ഓറല്‍ ഓങ്കോളജി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍, തൈറോയ്ഡ് കാന്‍സര്‍ ലാറിംഗോളജി, മിനിമലി ഇന്‍വേസിവ് സര്‍ജറി ആന്‍ഡ് റോബോട്ടിക് സര്‍ജറി യൂണിറ്റുകള്‍, സ്പീച്ച് ആന്‍ഡ് സോളോവിങ് റീഹാബിലിറ്റേഷന്‍, ഓങ്കോസൈക്കോളജി എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രോഗികളുടെ വിവരങ്ങളും പുരോഗതിയും ആഴത്തില്‍ മനസ്സിലാക്കുന്നതിനായി ഡാറ്റാ സയന്റിസ്റ്റുകളെയും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ആഗോള കാന്‍സര്‍ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങളും. അന്താരാഷ്ട്ര നിലവാരമുള്ള ഇമ്മ്യൂണോതെറാപ്പി പ്രോട്ടോക്കോളുകള്‍ ചികിത്സാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംയുക്ത ട്യൂമര്‍ ബോര്‍ഡുകളും അക്കാദമിക് പ്രോഗ്രാമുകളും അനുബന്ധമായി നടത്തും.

'അത്യാധുനിക സാങ്കേതികവിദ്യയും കേരളത്തില്‍ ആസ്റ്ററിനുള്ള വലിയ ആശുപത്രി നെറ്റ്വര്‍ക്കുമാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. തല, കഴുത്ത് എന്നീ അവയവങ്ങളില്‍ ഉണ്ടാകുന്ന എല്ലാത്തരം അര്‍ബുദത്തിനും ഈ ശൃംഖലയില്‍ ചികിത്സയുണ്ടാകും. അതിനി എത്ര സങ്കീര്‍ണമായ സാഹചര്യങ്ങളാണെങ്കിലും. ഓരോ മേഖലയിലും കണ്ടുവരുന്ന കാന്‍സറിന്റെ പ്രാദേശികമായ പ്രത്യേക പ്രവണതകള്‍ കൂടി കണ്ടെത്താനും രോഗി കേന്ദ്രീകൃതവും വ്യക്തിഗതവുമായ വിദഗ്ദ്ധ പരിചരണം നല്‍കാനും ഈ കേന്ദ്രത്തിന് കഴിയുമെന്നും' ഡോ. നളന്ദ ജയദേവ് പറഞ്ഞു.

'ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമായിട്ടുള്ള ഓരോ പ്രാദേശിക കേന്ദ്രങ്ങളും മാറിക്കൊണ്ടിരിക്കുന്ന അര്‍ബുദ രീതികളെക്കുറിച്ച് മികച്ച രീതിയില്‍ വിവരശേഖരണം നടത്തുകയും ഗവേഷണങ്ങളില്‍ അതുപകരിക്കുകയും ചെയ്യും. ഓരോ രോഗിയുടെയും അവസ്ഥകള്‍ മനസ്സിലാക്കിക്കൊണ്ടുള്ള, പ്രത്യേക ചികിത്സാരീതികള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ചികിത്സയ്ക്ക് ആവശ്യമുള്ള തുക ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ചെയ്തുനല്‍കുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദര്‍ അറിയിച്ചു.

ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്കില്‍ നിരവധി പ്രത്യേക വിഭാഗങ്ങളുണ്ട്.

- വായിലെ മുഴകള്‍ (ഓറല്‍ കാന്‍സര്‍) നീക്കം ചെയ്യുന്നതിനും മൈക്രോവാസ്‌കുലര്‍ ഫ്‌ലാപ്പുകള്‍ക്കും ഊന്നല്‍ നല്‍കുന്ന ഓറല്‍ ഓങ്കോളജി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍.

- എം.ഡി.ടിയുടെ നേതൃത്വത്തിലുള്ള സമഗ്രമായ തൈറോയ്ഡ് പരിശോധന നല്‍കുന്ന തൈറോയ്ഡ് നോഡ്യൂള്‍ ക്ലിനിക്ക്.

- ആന്‍ഡ്, ടിഎല്‍എം , എന്‍ഡോസ്‌കോപ്പിക് സ്‌കള്‍ ബേസ് പ്രൊസീജറുകള്‍ നല്‍കുന്ന എംഐഎസ് ആന്‍ഡ് റോബോട്ടിക് സര്‍ജറി യൂണിറ്റ്.

- ശബ്ദം സംരക്ഷിക്കുന്നതിനും പ്രൊഫഷണല്‍ ശബ്ദ പരിചരണത്തിനും പ്രാധാന്യം നല്‍കുന്ന ലാറിംഗോളജി ആന്‍ഡ് വോയിസ് വിഭാഗം.

- അഡ്വാന്‍സ്ഡ് ആന്റീരിയര്‍/ലാറ്ററല്‍ സ്‌കള്‍ ബേസ് ട്യൂമറുകള്‍ കൈകാര്യം ചെയ്യുന്ന സ്‌കള്‍ ബേസ് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ ട്യൂമര്‍ വിഭാഗം.

- സൗന്ദര്യാത്മകമായ പാറോട്ടിഡെക്ടമി, നെര്‍വ് മാപ്പിംഗ്, റീഅനിമേഷന്‍ എന്നിവ ഉള്‍പ്പെടുന്ന സലൈവറി ആന്‍ഡ് ഫേഷ്യല്‍ നെര്‍വ് വിഭാഗം.

- സംഭാഷണം, ഭക്ഷണം കഴിച്ചിറക്കാനുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം, പോഷകാഹാരം, പ്രോസ്തറ്റിക്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍വൈവര്‍ഷിപ്പ് ആന്‍ഡ് റീഹാബിലിറ്റേഷന്‍.

- നിര്‍മിതബുദ്ധി, മോളിക്യുലാര്‍ പ്രൊഫൈലിംഗ്, ബയോബാങ്കിംഗ് എന്നിവ ഉപയോഗിക്കുന്ന ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച്.

- സ്‌ക്രീനിംഗ്, എ.ഐ സഹായത്തോടെയുള്ള ഇമേജിംഗ്, റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്‍ എന്നിവ ഉള്‍പ്പെടുന്ന കാന്‍സര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയും ഈ ശൃംഖലയിലുണ്ട്.

'അര്‍ബുദ ബാധയുടെ പ്രാദേശിക പ്രവണതകള്‍ നോക്കുമ്പോള്‍, കേരളത്തിലെ കാന്‍സര്‍ രജിസ്ട്രി ഡാറ്റ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചില വ്യതിയാനങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ വാരിയര്‍ പറഞ്ഞു. ഉദാഹരണത്തിന്, കേരളത്തിലെ ഓറല്‍ കാവിറ്റി കാന്‍സറുകളുടെ കാരണങ്ങള്‍ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക, പ്രാദേശിക വിഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. തലയിലും കഴുത്തിലും ഉണ്ടാകുന്ന അര്‍ബുദങ്ങള്‍ക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കാന്‍ ഈ പ്രോഗ്രാമിന് കീഴില്‍ നൂതന സാങ്കേതികവിദ്യയും മള്‍ട്ടി-ഡിസിപ്ലിനറി സമീപനവും ഉണ്ടായിരിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിലെയും ഉമിനീര്‍ ഗ്രന്ഥിയിലെയും അര്‍ബുദ പരിചരണത്തിന് അത്യാധുനിക സൗകര്യങ്ങളാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഉള്ളത്. മുഖസൗന്ദര്യത്തെ ബാധിക്കാതെയും വൈകല്യങ്ങള്‍ക്ക് ഇടനല്‍കാതെയും ഈ മുഴകള്‍ നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലൂടെ കേരളത്തിലും ലഭ്യമാണ്. വരുംദിവസങ്ങളില്‍ ഇതിനായി ഏറ്റവും പുതിയ ശസ്ത്രക്രിയകളും പ്ലാസ്‌റിക് സര്‍ജറി സംവിധാനങ്ങളും ഉള്‍പ്പെടുത്തി ചികിത്സാസൗകര്യങ്ങള്‍ വിപുലീകരിക്കും. വേദന പരമാവധി കുറച്ചുകൊണ്ടും വേഗത്തിലുള്ള രോഗമുക്തി ഉറപ്പാക്കിയുമുള്ള ചികിത്സാപദ്ധതികളാണ് ആസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. ഇതിനായുള്ള പ്രത്യേക 'മിനിമല്‍ ആക്സസ്'' രീതിയാണ് അവലംബിക്കുന്നത്. മുഖത്തിന്റെ സ്വാഭാവിക രൂപവും പ്രവര്‍ത്തനവും വീണ്ടെടുക്കാന്‍ മൈക്രോവാസ്‌കുലര്‍, ത്രിമാന പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയകളും ലഭ്യമാണ്. ശബ്ദനാളിയിലെ (ലാരിഞ്ചിയല്‍) പ്രാരംഭ ഘട്ടത്തിലുള്ള കാന്‍സറുകള്‍ക്ക് ലേസര്‍ ചികിത്സയും ഉണ്ട്. അവയവം നഷ്ടപ്പെടുത്താതെ തന്നെ ഒറ്റദിവസം കൊണ്ട് ചികിത്സ പൂര്‍ത്തിയാക്കി രോഗിക്ക് വീട്ടിലേക്ക് മടങ്ങാം. ഇതിനെല്ലാം പുറമെ റോബോട്ടിക് തൈറോയ്‌ഡെക്ടമി, ട്രാന്‍സോറല്‍ റോബോട്ടിക് സര്‍ജറികള്‍ എന്നിവയും ലഭ്യമാണ്. പുറമെ പാടുകള്‍ ഒന്നും അവശേഷിപ്പിക്കാതെ അതീവകൃത്യതയോടെ അര്‍ബുദമുഴകള്‍ സുരക്ഷിതമായി നീക്കം ചെയ്യാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സങ്കീര്‍ണ്ണമായ ട്യൂമറുകള്‍ നീക്കം ചെയ്യാന്‍ എന്‍ഡോസ്‌കോപ്പിക്, മിനിമലി ഇന്‍വേസിവ് സ്‌കള്‍ ബേസ് സര്‍ജറികളും ആസ്റ്റര്‍ മെഡ്സിറ്റി വാഗ്ദാനം ചെയ്യുന്നു.

കൊച്ചിയില്‍ നടന്ന പ്രസ് കോണ്‍ഫെറന്‍സില്‍ ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദര്‍, കേരള ക്ലസ്റ്റര്‍, ആസ്റ്റര്‍ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി നെറ്റ്വര്‍ക്ക് പ്രോഗ്രാം ഡയറക്ടറും, ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഷോണ്‍ ടി. ജോസഫ്, ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ വാരിയര്‍ എന്നിവര്‍ സംസാരിച്ചു.