തൊടുപുഴ: മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. തൊടുപുഴ പുളിയന്‍മല സംസ്ഥാനപാതയില്‍ വൈകിട്ടാണ് അപകടം. ശങ്കരപ്പിള്ളിയില്‍ വച്ചായിരുന്നു അപകടം. പ്രദേശത്ത് ശക്തമായ മഴയാണ്. വെങ്ങല്ലൂര്‍ കരടിക്കുന്നേല്‍ ആമിന ബീവി (58), കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോന്റെ മാതാവും മകളുമാണ് മരിച്ചത്. റോഡ് നിര്‍മാണത്തിലെ അപാകത കാരണം അപകടം പതിവായ ശങ്കരപ്പിള്ളി വളവിനു സമീപമാണ് അപകടം. കുടുംബാംഗങ്ങള്‍ ഒന്നിച്ച് വാഗമണ്‍ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഷാമോനും പരുക്കേറ്റു. ഷാമോനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.