കൊല്ലം: കാമുകനുമായി പിണങ്ങി കായലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച 22കാരിയെ യുവാവു രക്ഷപ്പെടുത്തി. ആശ്രാമം ലിങ്ക് റോഡിലെ പാലത്തിലാണു സംഭവം. കൊല്ലത്ത് ബാങ്ക് കോച്ചിങ് സ്ഥാപനത്തില്‍ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയാണ് കായലില്‍ ചാടിയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍നിന്ന് ഓലയില്‍ക്കടവിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ പാലത്തില്‍നിന്നാണ് യുവതി അഷ്ടമുടിക്കായലിലേക്ക് ചാടിയത്.

പ്രദേശവാസി രാജേഷാണ് യുവതി കായലിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഈ സമയത്ത് രാജേഷിന്റെ സുഹൃത്തായ പള്ളിത്തോട്ടം സ്വദേശി മുനീര്‍ ഓട്ടോറിക്ഷയില്‍ അവിടെ എത്തി. സംഭവം അറിഞ്ഞ് മുനീറും കായലിലേക്ക് ചാടി. മുങ്ങിത്താഴ്ന്ന യുവതിയുടെ മുടിയില്‍ പിടിച്ചു പാലത്തിന്റെ തൂണിലേക്കു കയറാന്‍ മുനീര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

രാജേഷും മുനീര്‍ എത്തിയ ഓട്ടോയുടെ ഡ്രൈവര്‍ ശ്യാമും അതുവഴി പോയ ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാരെ ഉച്ചത്തില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. ജീവനക്കാര്‍ ഉടന്‍ ബോട്ട് സ്ഥലത്തേക്ക് അടുപ്പിച്ചു കയറും ലൈഫ് ബോയയും ഇട്ടു കൊടുത്തു. ബോട്ടിലെ ജീവനക്കാരനും കായലിലേക്കു ചാടി യുവതിയെ പിടിച്ചുകയറ്റി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട സ്വദേശി കാമുകനുമായി പിണങ്ങിയതിനെത്തുടര്‍ന്നാണ് കായലില്‍ ചാടിയതെന്ന് യുവതി പൊലീസിനു മൊഴി നല്‍കി.