ബംഗളൂരു: മാനസിക പീഡനവും സാമ്പത്തിക ചൂഷണവും മൂലം ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ഓല ഇലക്ട്രിക് കമ്പനി. ആത്മഹത്യയില്‍ കമ്പനിക്ക് പങ്കുണ്ടെന്ന എഫ്.ഐ.ആര്‍ ചോദ്യം ചെയ്താണ് നടപടി. 2022 മുതല്‍ ഓലയില്‍ ഹോമോലോഗേഷന്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്ന കെ. അരവിന്ദാണ് (38) സെപ്റ്റംബര്‍ 28ന് ബംഗളൂരുവിലെ ചിക്കലസാന്ദ്രയിലുള്ള വീട്ടില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

അരവിന്ദ് ഈ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ പരാതി ഉന്നയിച്ചിട്ടില്ലായെന്നാണ് കമ്പനി ഉന്നയിക്കുന്നത്. ഓല ഇലക്ട്രികിനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണ ഉത്തരവുകള്‍ പാസാക്കിയിട്ടുണ്ടെന്നും കുടുംബത്തിന് പിന്തുണ നല്‍കാനായി, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നും കമ്പനി അറിയിച്ചു.

എന്നാല്‍ അരവിന്ദിന്റെ 28 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചുവെന്നും ശമ്പളവും അലവന്‍സുകളും നിഷേധിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അരവിന്ദിന്റെ സഹോദരന്‍ പറഞ്ഞു. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 17,46,313 രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും വിശദീകരണത്തിനായി ഓലയെ സമീപിച്ചപ്പോള്‍ ദാസില്‍ നിന്ന് അവ്യക്തമായ മറുപടികളാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.