കോഴിക്കോട്: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗ്രൗണ്ട് വാട്ടര്‍ടാങ്കിലെ വെള്ളത്തില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്. കൊടിയത്തൂര്‍ ബുഹാരി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന ആലുവ സ്വദേശിയായ കെ.എസ്. മുഹമ്മദ് സിനാന്‍(15) ആണ് അപകടത്തില്‍പ്പെട്ടത്. കളിക്കുന്നതിനിടെ ചുള്ളിക്കാപ്പറമ്പ് ആലുങ്ങലിലെ ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന ഗ്രൗണ്ട് വാട്ടര്‍ടാങ്കില്‍ വീഴുക ആയിരുന്നു.

മുക്കം അഗ്‌നിരക്ഷാസേനയെത്തിയാണ് വിദ്യാര്‍ഥിയെ പുറത്തെടുത്തത്. മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓഡിറ്റോറിയത്തിന്റെ പിന്നിലെ ഗ്രൗണ്ടില്‍ നിര്‍മിക്കുന്ന ടാങ്കിന്റെ ഒരുഭാഗത്ത് സ്ലാബില്ലാതെ ഒന്നരയടിയോളം വീതിയില്‍ തുറന്നുകിടക്കുന്ന സാഹചര്യമാണുള്ളത്. കനത്തമഴയെത്തുടന്ന് ടാങ്കും നിറഞ്ഞ് സ്ഥലം മൊത്തമായി ചെളിവെള്ളം മൂടിക്കിടന്നതിനാല്‍ ടാങ്ക് തിരിച്ചറിയാവുന്ന അവസ്ഥയിലായിരുന്നില്ല. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാട്ടര്‍ടാങ്കില്‍ അകപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്.

മുക്കം അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ഓഫീസര്‍ പി. നിയാസാണ് ടാങ്കില്‍ മുങ്ങി കുട്ടിയെ പുറത്തെത്തിച്ചത്.