കൊച്ചി: മുംബൈയില്‍ നിന്ന് സ്വകാര്യ ഏജന്‍സിവഴി നാട്ടിലെത്തിച്ച മൃതദേഹം മാറി പോയി. പുണെയില്‍ അന്തരിച്ച പെരുമ്പടവം കാര്‍ലോത്ത് ജോര്‍ജ് കെ ഐപ്പിന്റെ (59) ബന്ധുക്കള്‍ക്ക് പത്തനംതിട്ട സ്വദേശിയുടെ വടശേരിക്കര കുപ്പക്കല്‍ വര്‍ഗീസ് ജോര്‍ജിന്റെ (62) മൃതദേഹമാണ് നല്‍കിയത്.

ചൊവ്വ വൈകിട്ട് നാലിന് സംസ്‌കാരസമയം നിശ്ചയിച്ച് എംപാം ചെയ്ത ജോര്‍ജിന്റെ മൃതദേഹം രാവിലെ കൊച്ചി വിമാനത്താവളത്തില്‍നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മകന്‍ എബിനും ഭാര്യ ഷൈനിയും വീട്ടിലേക്ക് മടങ്ങി. പിറവം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പെട്ടിതുറന്നപ്പോഴാണ് മൃതദേഹം മാറിയെന്ന് മനസ്സിലായത്.

ജോണ്‍ പിന്റോ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മൃതദേഹം വിമാനത്താവളംവരെ എത്തിച്ചത്. കമ്പനി അധികൃതര്‍ ക്ഷമാപണം നടത്തിയതിനാല്‍ ബന്ധുക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. വിലാസം എഴുതിയ സ്റ്റിക്കര്‍ പരസ്പരം മാറിയതാണ് പ്രശ്‌നമായത്. പിറവം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ വര്‍ഗീസിന്റെ മൃതദേഹം കാര്‍ഗോ കമ്പനി അധികൃതര്‍ നെടുമ്പാശേരിയിലേക്ക് കൊണ്ടുപോയി. പിറവം പൊലീസും സ്ഥലത്തെത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ കമ്പനി അധികൃതര്‍ നെടുമ്പാശേരിയിലെത്തിച്ച ജോര്‍ജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം ബുധന്‍ പകല്‍ 11ന് പെരുമ്പടവം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ജോര്‍ജ് അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുടുംബസമേതം നാസിക്കിലായിരുന്നു താമസം.